‘അഞ്ച് വിമര്‍ശകരെ താങ്കള്‍ക്ക് തെരഞ്ഞെടുക്കാം, ചോദ്യങ്ങളെ നേരിടൂ’: മോദിയോട് ചിദംബരം
വലിയ വേദികളില്‍ നിന്ന് നിശബ്ദരായ സദസ്യര്‍ക്ക് മുന്നിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്ന് ചിദംബരം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ടെലിവിഷനില്‍ ചര്‍ച്ചക്ക് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം എടുത്തുകളയില്ലെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ വിമര്‍ശകര്‍ക്ക് മോദിയോട് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല. അതിനാല്‍ ചോദ്യോത്തര പരിപാടിക്ക് മോദി തയ്യാറാകണമെന്നാണ് ചിദംബരം ആവശ്യപ്പെടുന്നത്.
മോദി തന്നെ അഞ്ച് വിമര്‍ശകരെ തെരഞ്ഞെടുത്ത് സി.എ.എയെക്കുറിച്ച് ടെലിവിഷനിലൂടെ ചോദ്യോത്തര പരിപാടിക്ക് തയ്യാറാകണം. ജനങ്ങളത് കാണട്ടെ. എന്നിട്ട് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു തീരുമാനത്തില്‍ എത്തട്ടെ എന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്.
ചോദ്യങ്ങളെ നേരിടാന്‍ തയ്യാറാവാത്ത പ്രധാനമന്ത്രിയെ ചിദംബരം രൂക്ഷമായി വിമര്‍ശിച്ചു. വലിയ വേദികളില്‍ നിന്ന് നിശബ്ദരായ സദസ്യര്‍ക്ക് മുന്നിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതെന്ന് ചിദംബരം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
പൗരത്വ വിഷയത്തില്‍ മഹാത്മാ ഗാന്ധിയുടെ സ്വപ്നം നടപ്പിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാരെന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്ന വിഷയമല്ല ഇത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന, ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്ന ആര്‍ക്കും പൗരത്വത്തിനുള്ള അവകാശമുണ്ടെന്നും മോദി പറയുകയുണ്ടായി.