LiveTV

Live

National

സി.എ.എ: മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

എൻ‌.ആർ.‌സി അസമിൽ പാളിയതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന എൻ‌.പി‌.ആറിലാണ് മോദി-ഷാ സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും

സി.എ.എ: മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

പൗരത്വ ഭേദഗതി നിയമവും എൻ‌.ആർ.‌സിയും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി. 20 പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത പ്രതിപക്ഷ യോഗത്തിൽ സംസാരിച്ച സോണിയ ഗാന്ധി, രാജ്യമെമ്പാടും സ്വമേധയാ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും പൊലീസിന്റെ അടിച്ചമര്‍ത്തല്‍ പക്ഷപാതപരവും ക്രൂരവുമാണെന്നും കോൺഗ്രസ് മേധാവി പറഞ്ഞു.

"പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആഴ്ചകൾക്കുമുമ്പ് അവർ നടത്തിയ പ്രസ്താവനകളില്‍ തന്നെ വൈരുദ്ധ്യമുണ്ട്. മാത്രമല്ല, ഭരണകൂട അടിച്ചമർത്തലിനെയും അക്രമത്തെയും കുറിച്ച് അജ്ഞത നടിച്ച് പ്രകോപനപരമായ പ്രസ്താവനകൾ തുടരുകയാണ്," സോണിയ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് സുരക്ഷ നൽകാനും ഭരണം നടത്താനുമുള്ള മോദി-ഷാ സർക്കാരിന്റെ കഴിവില്ലായ്മ പൂർണ്ണമായും തുറന്നുകാട്ടുന്നതാണ് നിലവിലെ സ്ഥിതിഗതികളെന്നും സോണിയ ഗാന്ധി ആരോപിച്ചു.

ജാമിഅ, ബി‌.എച്ച്‌.യു, അലഹബാദ് യൂണിവേഴ്‌സിറ്റി, എ‌.എം‌.യു എന്നിവിടങ്ങളിലെ അക്രമങ്ങള്‍ക്ക് ശേഷം ജെ‌.എൻ.‌യുവില്‍ അരങ്ങേറിയ “ബി.ജെ.പി-ആസൂത്രിത ആക്രമണം” ഭയാനകമായിരുന്നുവെന്നും സോണിയ പറഞ്ഞു. എൻ‌.ആർ.‌സി അസമിൽ പാളിയതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന എൻ‌.പി‌.ആറിലാണ് മോദി-ഷാ സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രശ്‌നം സാമ്പദ് വ്യവസ്ഥയുടെ തകർച്ചയാണെന്ന് പറഞ്ഞ സോണിയ, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതിനൊന്നും ഉത്തരങ്ങളില്ലെന്നും “ഭിന്നിപ്പിക്കുന്നതും ധ്രുവീകരിക്കുന്നതുമായ ഒരു പ്രശ്‌നം ഉയർത്തിക്കൊണ്ട് വന്ന് ഈ ഭീകരമായ യാഥാർഥ്യത്തിൽ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും” അവർ ആരോപിച്ചു.

എൻ.സി.പി നേതാവ് ശരദ് പവാർ, ഇടതു നേതാക്കൾ സീതാറാം യെച്ചൂരി, ഡി രാജ, ജെ.എം.എം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ, എല്‍.ജെ.ഡി നേതാവ് ശരദ് യാദവ്, രാഷ്ട്രീയ ലോക് സമത പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, നാഷണൽ കോൺഫറൻസ് നേതാവ് ഹസ്നൈന്‍ മസൂദി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ബി.എസ്.പി, ടി.എം.സി, ആം ആദ്മി പാർട്ടി എന്നിവര്‍ പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.