LiveTV

Live

National

ജെ.എന്‍.യുവിലെ അക്രമം: ഐഷി ഘോഷിനെ ചോദ്യം ചെയ്തു

അന്വേഷണവുമായി സഹകരിക്കുമെന്ന് ഐഷി ഘോഷ് പറഞ്ഞു.

ജെ.എന്‍.യുവിലെ അക്രമം:  ഐഷി ഘോഷിനെ ചോദ്യം ചെയ്തു

ജെ.എന്‍.യുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ പൊലീസ് ചോദ്യം ചെയ്തു. കാമ്പസിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

കാമ്പസിലെത്തിയ അന്വേഷണ സംഘം ജെ.എൻ.യു വിദ്യാർഥി യൂണിയൻ ഓഫീസിൽ വെച്ചാണ് ഐഷി ഘോഷിനെ ചോദ്യം ചെയ്തത്. രണ്ട് എ.ബി.വി.പി പ്രവർത്തകരെ ആർട്സ് ബ്ലോക്കിൽ വെച്ച് ചോദ്യം ചെയ്തു. ശേഷിക്കുന്ന ആറ് പേരെയും യുണൈറ്റഡ് എഗൈന്‍സ്റ്റ് ലെഫ്റ്റ് ഗ്രൂപ്പിലെ 37 പേരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. നാല് അധ്യാപകരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.

കാമ്പസിനകത്ത് വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. ജെ.എൻ.യു ചട്ടം ലംഘിച്ചാണ് ഹോസ്റ്റൽ മാന്വൽ കൊണ്ടുവന്നതെന്ന് ആരോപിച്ച് ഹരജി നൽകാനും രജിസ്ട്രേഷൻ നീട്ടി നൽകാൻ ആവശ്യപ്പെട്ട് എം.എച്ച്.ആര്‍.ഡിക്ക് കത്ത് നൽകാനും വിദ്യാർഥികൾ ആലോചിക്കുന്നുണ്ട്. ജെ.എൻ.യുവിൽ അധ്യയനം പുനരാരംഭിച്ചെങ്കിലും വിദ്യാർഥികളും അധ്യാപകരും ബഹിഷ്കരണം തുടരുകയാണ്.

അക്രമ ദൃശ്യങ്ങൾ നശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് അധ്യാപകരുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി പൊലീസ്, ഫേസ് ബുക്ക് വാട്സ്ആപ്പ്, ഗൂഗിൾ എന്നിവരോട് നാളെ മറുപടി നൽകാൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ബെന്നി ബഹനാൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുല്‍ വഹാബ്, ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ജെ.എൻ.യു സന്ദർശിച്ചു.