LiveTV

Live

National

എസ്.ടി.എഫ് കമാന്‍റർ ദവീന്ദർ മറ്റൊരു ഭീകരാക്രമണ കേസിലും ആരോപണം നേരിട്ട വ്യക്തി

പാർലമെന്റ് ആക്രമണ കേസിലെ യഥാർഥ പ്രതിയെ അഫ്സൽ ഗുരുവിനൊപ്പം ദൽഹിയിലേക്ക് പറഞ്ഞയച്ചത് ദവീന്ദർ സിംഗാണെന്ന് ആരോപണം ഉയർന്നിരുന്നു

എസ്.ടി.എഫ് കമാന്‍റർ ദവീന്ദർ മറ്റൊരു ഭീകരാക്രമണ കേസിലും ആരോപണം നേരിട്ട വ്യക്തി

ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദിക്കൊപ്പം പിടിയിലായ എസ്.ടി.എഫ് കമാന്‍റർ ദവീന്ദർ സിംഗ് ഇന്ത്യ നടുങ്ങിയ മറ്റൊരു ഭീകരാക്രമണ കേസിലും ആരോപണം നേരിട്ട വ്യക്തി. പാർലമെന്റ് ആക്രമണ കേസിലെ യഥാർഥ പ്രതിയെ അഫ്സൽ ഗുരുവിനൊപ്പം ദൽഹിയിലേക്ക് പറഞ്ഞയച്ചത് ദവീന്ദർ സിംഗാണെന്ന് ആരോപണം ഉയർന്നിരുന്നു.

പാർലമെന്‍റിന് മുമ്പിൽ ചാവേറായി പൊട്ടിത്തെറിച്ച മുഹമ്മദ് യാസീൻ എന്ന ഭീകരനെ അഫ്സൽ ഗുരുവിനെ ഉപയോഗിച്ച് ഡൽഹിയിൽ എത്തിച്ചത് ദവീന്ദർ സിംഗ്‌ ആയിരുന്നുവെന്നാണ് ആരോപണം. ശ്രീനഗറിനു സമീപം ഹംഹാമയിൽ അന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കമാന്‍ററയിരുന്നു ദവീന്ദർ സിംഗ്‌. കീഴടങ്ങി സമാധാന ജീവിതത്തിലേക്കു തിരിച്ചു വരാൻ ശ്രമിച്ച അഫ്സൽ ഗുരുവിനെ ദവീന്ദർ നിരന്തരം ബ്ളാക് മെയിൽ ചെയ്തിരുന്നതായും കൊടിയ പീഢനങ്ങൾക്ക് ഇരയാക്കിയിരുന്നതായും അഫ്സലിന്‍റെ ഭാര്യ തബസ്സും കുറ്റപ്പെടുത്തുന്നു.

ഹംഹാമ ക്യാമ്പിൽ നിന്നാണ് പാർലമെന്‍റ് ആക്രമണ കേസിലെ പ്രതികളെ ഗുരു ഡൽഹിയിൽ എത്തിച്ചതെന്നും സിംഗ് ആയിരുന്നു അവരെ കൈമാറിയതെന്നുമാണ് തബസ്സും കുറ്റപ്പെടുത്തിയത്. അഫ്സലിനെ കുറ്റക്കാരനായി വിധിച്ച കോടതി തെളിവായി സ്വീകരിച്ച ടെലിഫോൺ രേഖയിൽ ദവീന്ദർ സിംഗിന്‍റെ നമ്പറും ഉണ്ടായിരുന്നു.

ഡൽഹിയിൽ താൻ ഒപ്പം പറഞ്ഞയച്ച ഭീകരർക്ക് വീടും കാറും ഏർപ്പെടുത്താനാണ് ഗുരുവിനെ സിംഗ് ബന്ധപ്പെട്ടിരുന്നതെന്നും ആരോപണമുണ്ട്. സൈന്യത്തിനകത്തിരുന്ന് ഇത്രയേറെ ഗുരുതരമായ ആരോപണം നേരിട്ടിട്ടും അന്നത്തെ എന്‍‌.ഡി.എ സർക്കാർ അന്വേഷണം നടത്തുകയോ കേസെടുക്കുകയോ ചെയ്യാതെ വെറുതെ വിട്ട ദവീന്ദർ സിംഗ്‌ വർഷങ്ങൾക്കിപ്പുറം സമാനമായ മറ്റൊരു കേസിൽ കയ്യോടെ പിടിക്കപ്പെട്ടത് ചരിത്രത്തിന്‍റെ കാവ്യനീതിയാവുകയാണ്.