LiveTV

Live

National

പൊതുമുതല്‍ നശിപ്പിച്ചവരെ പട്ടികളെ പോലെ വെടിവെച്ച് കൊന്നുവെന്ന് ബി.ജെ.പി നേതാവ്

‘‘അവരവരുടെ അച്ഛന്‍റെ സ്വത്താണെന്ന് കരുതിയാണ് അവര്‍ ഈ പൊതുമുതല്‍ നശിപ്പിക്കുന്നത്, പൊതുമുതല്‍ നികുതിയടക്കുന്നവരുടേതാണ്’’

പൊതുമുതല്‍ നശിപ്പിച്ചവരെ പട്ടികളെ പോലെ വെടിവെച്ച് കൊന്നുവെന്ന് ബി.ജെ.പി നേതാവ്

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെയ്തതു പോലെ പട്ടികളെ പോലെ വെടിവെച്ചു കൊല്ലണമെന്ന് ബി.ജെ.പി നേതാവ്. ബംഗാളിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷാണ് വിവാദ പ്രസ്താവന നടത്തിയത്. പശ്ചിമ ബംഗാളിലെ നദിയ ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഘോഷ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ബംഗാളില്‍‌ പൌരത്വ ഭേഗദി നിയമത്തിനെതിരെ പ്രതിഷേധിച്ച ആള്‍ക്കൂട്ടത്തിനുനേരെ വെടിവെയ്പ്പിനും ലാത്തിച്ചാര്‍ജിനും ഉത്തരവിടാതിരുന്നതിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിക്കുക കൂടി ചെയ്തു ദിലീപ് ഘോഷ്.

'അവരവരുടെ അച്ഛന്‍റെ സ്വത്താണെന്ന് കരുതിയാണ് അവര്‍ ഈ പൊതുമുതല്‍ നശിപ്പിക്കുന്നത്. പൊതുമുതല്‍ നികുതിയടക്കുന്നവരുടേതാണ്. നിങ്ങളിവിടെ വരുന്നു, താമസിക്കുന്നു, ഞങ്ങളുടെ ഭക്ഷണം കഴിക്കുന്നു. ഇതൊന്നും പോരാഞ്ഞിട്ട് ഞങ്ങളുടെ പൊതുമുതല്‍ നശിപ്പിക്കുകയുംകൂടി ചെയ്യുന്നു. നിങ്ങളെന്താ ഇവിടുത്തെ ജന്മികളാണോ?. ഞങ്ങള്‍ നിങ്ങളെ ലാത്തി കൊണ്ടടിക്കും, വെടിവെക്കും, ജയിലിലടക്കും' ദിലീപ് ഘോഷ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ദീദിയുടെ പൊലീസ് ഒന്നും ചെയ്തില്ല. ഉത്തര്‍പ്രദേശിലേയും കര്‍ണാടകയിലേയും അസമിലേയും ഞങ്ങളുടെ സര്‍ക്കാരുകള്‍ പ്രതിഷേധിച്ചവരെ പട്ടികളെ പോലെ വെടിവെച്ചു കൊന്നു.

അതാണ് ശരി. രാജ്യത്ത് രണ്ടു കോടിയിലധികം നുഴഞ്ഞുകയറ്റക്കാരായ മുസ്‍‍‍‍ലിംകളുണ്ട്. അതില്‍ ഒരു കോടിയും ബംഗാളിലാണ്. അവര്‍ ബംഗാളിലെ ഹിന്ദുക്കളുടെ തത്പര്യങ്ങളെ അട്ടിമറിക്കുന്നു. എന്നാല്‍ മമാതാ സര്‍ക്കാര്‍ അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ദിലീപ് ഘോഷ് ആരോപിച്ചു. മതത്തെ ആധാരമാക്കി പൌരത്വം നിശ്ചയിക്കുന്ന ഭരണഘടനാവിരുദ്ധമായ പൌരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്.