LiveTV

Live

National

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; ഡല്‍ഹിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ആം ആദ്മിയിലെത്തി

ഫെബ്രുവരി 8ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ട്ടി മാറ്റം.

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; ഡല്‍ഹിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ആം ആദ്മിയിലെത്തി

ഡല്‍ഹിയില്‍ ഫെബ്രുവരി 8ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ആം ആദ്മി പാര്‍ട്ടിയിലെത്തി. രാം സിങ് നേതാജി, വിനയ് ശര്‍മ എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് ആം ആദ്മി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

മുന്‍ എം.എല്‍.എയാണ് രാം സിങ് നേതാജി. മുന്‍ കോണ്‍ഗ്രസ് എം.പി മഹബാല്‍ ശര്‍മയുടെ മകനാണ് വിനയ് ശര്‍മ. അരവിന്ദ് കെജ്‍രിവാള്‍, മനിഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ആം ആദ്മി അംഗത്വമെടുത്തത്. കെജ്‍രിവാള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നിയാണ് ആം ആദ്മി പാര്‍ട്ടിയിലെത്തിയതെന്ന് രാം സിങ് നേതാജി പറഞ്ഞു.

എ.എ.പിയുടെ നയങ്ങളിലും ഡല്‍ഹി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായാണ് കോണ്‍ഗ്രസ് വിട്ട് ആളുകള്‍ ആം ആദ്മിയിലെത്തുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. അവരെ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് ഇഖ്ബാലും ആം ആദ്മിയിലെത്തിയിരുന്നു. അഞ്ച് തവണ എം.എല്‍.എ ആയ നേതാവാണ് അദ്ദേഹം.

70 അംഗ ഡല്‍ഹി നിയമസഭയില്‍ 67 സീറ്റുകള്‍ നേടിയാണ് കെജ്‍രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. വീണ്ടും ആം ആദ്മി ആധികാരത്തിലെത്തുമെന്നാണ് സര്‍വ്വെ ഫലം. ഫെബ്രുവരി 8ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം ഫെബ്രുവരി 11ന് പുറത്തുവരും.