മുസ്ലിംകളെ മനുഷ്യരായല്ല, കീടങ്ങളായാണ് ബി.ജെ.പി ഭരണകൂടം കണക്കാക്കുന്നതെന്ന് ബദ്രുദ്ദീന്‍ അജ്മല്‍ എം.പി
ഉത്തർപ്രദേശിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മുസ്ലിംകളെ പീഡിപ്പിക്കുന്നു. ഇവർക്കെതിരെ വെടിയുതിർക്കാനും ചിലര്‍ പൊലീസിന് നിർദേശം നൽകുന്നുണ്ട്.
ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ത്യയിലെ മുസ്ലിംകള് ഉന്നംവെക്കപ്പെടുന്നുവെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) മേധാവിയും ലോക്സഭാ എം.പിയുമായ ബദ്രുദ്ദീൻ അജ്മൽ. മുസ്ലിംകളെ ഇന്ത്യയിലെ പൗരന്മാരായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ മനുഷ്യരായല്ല, കൃമികീടങ്ങളെ പോലെയാണ് പരിഗണിക്കുന്നതെന്നും ബദ്രുദ്ദീൻ അജ്മൽ കൂട്ടിച്ചേര്‍ത്തു.
ഉത്തർപ്രദേശിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മുസ്ലിംകളെ പീഡിപ്പിക്കുന്നു. ഇവർക്കെതിരെ വെടിയുതിർക്കാനും ചിലര്‍ പൊലീസിന് നിർദേശം നൽകുന്നുണ്ട്. ഇതിനോടകം ഇത്തരം നിരവധി കേസുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ കാര്യമായ ഒരു അന്വേഷണവും നടക്കാറില്ല. ഞെട്ടിക്കുന്ന മറ്റൊരു വസ്തുത, ഇവര്‍ക്ക് അഭിനന്ദനങ്ങളും പ്രോത്സാഹനവും ലഭിക്കുന്നുവെന്നതാണ്. ബി.ജെ.പി നേതാക്കളുടെ ചില വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. ഇത് വളരെ ലജ്ജാകരമാണ്. ഇത് അധികകാലം നിലനിൽക്കില്ല. ബി.ജെ.പി നന്നാകാന്‍ ശ്രമിക്കണം. ഇന്ന് അധികാരം ബി.ജെ.പിയുടെ കൈകളിലാണെങ്കിലും അത് നാളെ മറ്റാരിലേക്കും പോകാമെന്നും അജ്മൽ പറഞ്ഞു.
ബി.ജെ.പി എല്ലായിടത്തും ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അവരുടെ നയങ്ങൾക്ക് അധിക ആയുസുണ്ടാകില്ലെന്നും അജ്മൽ പറഞ്ഞു. “ഈ രാജ്യത്തെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ ബി.ജെ.പിയും മോദി സർക്കാരും ആഗ്രഹിക്കുന്നില്ല." - പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെയും മോദി സർക്കാരിനെയും വിമർശിച്ചുകൊണ്ട് എ.ഐ.യു.ഡി.എഫ് മേധാവി പറഞ്ഞു. അവർക്ക് ഭൂരിപക്ഷമുള്ളതു കൊണ്ട് എന്തും ചെയ്യാമെന്നാണ് അവർ കരുതുന്നത്. എന്നാൽ ഇത് മിഥ്യാധാരണയാണ്. അവരുടെ ഉത്തരവുകളെത്തുടർന്ന് ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടുവെന്ന് അവർ കരുതുന്നു. അവരുടെ ഉത്തരവുകളുടെ പിന്നാലെ പൗരത്വ ഭേദഗതി ബിൽ, പൗരത്വ ഭേദഗതി നിയമമായി മാറി. പക്ഷേ ഇത് ഇന്ത്യയിൽ അധികകാലം നിലനിൽക്കില്ലെന്നും അജ്മൽ പറഞ്ഞു. അവർ പ്രവർത്തിക്കുന്ന രീതി വെച്ച്, സ്വയം കുഴിക്കുന്ന കുഴിയില്‍ അവര്‍ വീഴും എന്നും ബദ്രുദ്ദീൻ അജ്മൽ കൂട്ടിച്ചേര്‍ത്തു.