LiveTV

Live

National

സകല പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ ഇടതുപക്ഷം; തീവ്രവാദികള്‍ക്ക് പ്രാണവായു നല്‍കുന്നത് കോണ്‍ഗ്രസ്: യോഗി ആദിത്യനാഥ്

ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം അക്രമ സംഭവങ്ങളില്‍ പൊലീസ് സംശയിക്കുന്ന ഒമ്പതു പേരുടെ ചിത്രങ്ങള്‍ ഇതിനോടകവും പുറത്തുവിട്ടിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. 

സകല പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ ഇടതുപക്ഷം; തീവ്രവാദികള്‍ക്ക് പ്രാണവായു നല്‍കുന്നത് കോണ്‍ഗ്രസ്: യോഗി ആദിത്യനാഥ്

ഡല്‍ഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു) ഇടതുപക്ഷ സംഘടനകൾ അക്രമ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. "ഇടതുപക്ഷക്കാരാണ് ജെ.എന്‍.യുവിൽ അക്രമ അന്തരീക്ഷം സൃഷ്ടിക്കുന്നത്. ജെ.എൻ.യുവിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും സെമസ്റ്റർ പരീക്ഷ തടസപ്പെടുത്തുകയുമാണ് അവരുടെ ലക്ഷ്യം. ഡല്‍ഹി പൊലീസ് അവരുടെ ഗൂഡാലോചന കണ്ടെത്തി കഴിഞ്ഞു. ഇരകളെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ ഭാരവാഹികളുടെ കൈകളിലായിരുന്നു വടിയും ഇരുമ്പ് ദണ്ഡുകളും കാണപ്പെട്ടതെന്നും ഗ്വാളിയറിലെ ജി.വൈ.എം.സി ഗ്രൗണ്ടിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു.

ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം അക്രമ സംഭവങ്ങളില്‍ പൊലീസ് സംശയിക്കുന്ന ഒമ്പതു പേരുടെ ചിത്രങ്ങള്‍ ഇതിനോടകവും പുറത്തുവിട്ടിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ജനുവരി അഞ്ചിന് രാത്രി മുഖംമൂടി ധരിച്ച ഒരു സംഘം ഗുണ്ടകള്‍ ജെ.എന്‍.യു കാമ്പസില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഐഷി ഘോഷ് ഉൾപ്പെടെ 36 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി രാജ്യത്തുടനീളം അക്രമത്തിന് ആക്കം കൂട്ടുന്നതിനായി കോൺഗ്രസും സഖ്യകക്ഷികളും അഭ്യൂഹങ്ങളും നുണക്കഥകളും പ്രചരിപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രാജ്യത്തുടനീളം നിരവധി സ്ഥലങ്ങളിൽ നടന്ന അക്രമത്തെക്കുറിച്ച് പരാമർശിച്ച യോഗി, "കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തിന്റെ താൽപ്പര്യങ്ങള്‍ അമ്മാനമാടുകയാണെന്നും പറഞ്ഞു. രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതിനായി അവർ നുണ പ്രചരിപ്പിക്കുകയാണ്. "കോൺഗ്രസും സഖ്യകക്ഷികളും നക്സലുകൾക്കും തീവ്രവാദികൾക്കും വിഘടനവാദികൾക്കും പ്രാണവായു നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്തിയ പാർട്ടി ഇപ്പോൾ അതിന്റെ രക്ഷാധികാരി ചമയുകയാണെന്നും യോഗി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമല്ലേ എന്നും യോഗി ചോദിച്ചു.