LiveTV

Live

National

ബി.സി.സി.ഐ സെക്രട്ടറിയാകാന്‍ നിങ്ങളുടെ മകന് എന്ത് യോഗ്യതയാണുള്ളതെന്ന് അമിത് ഷായോട് കനയ്യ കുമാര്‍

ജെ.എൻ.യുവിൽ പഠിക്കാൻ വരുന്ന വിദ്യാർഥികളുടെ യോഗ്യതയെ ചോദ്യം ചെയ്യുന്ന ഷായെയും മറ്റുള്ളവരെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു കനയ്യ രംഗത്തുവന്നത്.

ബി.സി.സി.ഐ സെക്രട്ടറിയാകാന്‍ നിങ്ങളുടെ മകന് എന്ത് യോഗ്യതയാണുള്ളതെന്ന് അമിത് ഷായോട് കനയ്യ കുമാര്‍

ബി.സി.സി.ഐ സെക്രട്ടറിയാകാൻ മകന്‍ ജയ് ഷാക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് സി.പി.ഐ നേതാവും മുൻ ജെ.എൻ.യു.എസ്.യു മുൻ പ്രസിഡന്റുമായ കനയ്യ കുമാർ. ജെ.എൻ.യുവിൽ പഠിക്കാൻ വരുന്ന വിദ്യാർഥികളുടെ യോഗ്യതയെ ചോദ്യം ചെയ്യുന്ന ഷായെയും മറ്റുള്ളവരെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു കനയ്യ രംഗത്തുവന്നത്. സിറ്റിസണ്‍സ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''എന്താണ് യോഗ്യതയെന്ന് ഞാന്‍ പറഞ്ഞു തരാം. ദരിദ്രരില്‍ ദരിദ്രരായ വിഭാഗങ്ങളില്‍ നിന്നും പിന്നാക്ക മേഖലകളിൽ നിന്നുമുള്ള കുട്ടികൾ പഠനത്തിനായി ഈ സർവകലാശാലയിൽ എത്തുന്നതാണ് മെറിറ്റ്. കലഹണ്ടിയിൽ നിന്നുള്ള വിദ്യാർഥികൾ പഠനത്തിനായി ഇവിടെയെത്തുന്നു. ഇതുവരെ വൈദ്യുതി പോലും കടന്നുചെന്നിട്ടില്ലാത്ത മേഖലകളാണ് അത്. അത്തരം പ്രദേശങ്ങളിൽ നിന്നുള്ളവർ, ഇംഗ്ലീഷ് പഠിച്ച്, പ്രവേശന പരീക്ഷയില്‍ ജയിച്ച്, പ്രവേശനം നേടുന്നു, ”കനയ്യ പറഞ്ഞു. “നിങ്ങൾ യോഗ്യതയെ കുറിച്ച് സംസാരിക്കുന്നു. നിങ്ങളുടെ മകന്റെ യോഗ്യത എന്താണ്? ജയ് ഷായുടെ യോഗ്യത എന്താണ്? അവന്റെ മുഖം അമിത് ഷായുടെ കാർബൺ പകർപ്പാണെന്നതൊഴിച്ചാൽ, ആ മനുഷ്യന്റെ യോഗ്യത എന്താണ്? അയാളെ എങ്ങനെയാണ് ബി.സി.സി.ഐ സെക്രട്ടറി ആക്കിയത്? ” വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് കനയ്യ കുമാർ ചോദിച്ചു.

ജെ.എൻ.യു സന്ദർശിച്ച് ജെ.എൻ.യു.എസ്.യു പ്രസിഡന്റ് ഐഷി ഘോഷിനെ കണ്ട ബോളിവുഡ് നടി ദീപിക പദുക്കോണിനെ പിന്തുണച്ചും കനയ്യ കുമാർ രംഗത്തെത്തി. “അവര്‍ ഒന്നും പറഞ്ഞില്ല. അവര്‍ മോദിയുടെ പേര് എടുത്തിട്ടില്ല. അവര്‍ ‘മോട്ടാ ഭായി’യുടെ പേര് പറഞ്ഞില്ല. അദ്ദേഹത്തിന്റെ മകൻ ജയ് ഷായെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായില്ല. എങ്ങനെയാണ് ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയായത് എന്നും അവൾ ചോദിച്ചില്ല. അവൾ ഒന്നും പറഞ്ഞില്ല. പരിക്കേറ്റ വിദ്യാർഥികളെ കണ്ടു, പോയി, ” കനയ്യ പറഞ്ഞു.“ അവൾ ഒരു മുദ്രാവാക്യവും പോലും ഉന്നയിച്ചിട്ടില്ല, എന്നിട്ടും ആളുകൾ അവളുടെ സിനിമ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ട്? ഇതിനർഥം കാമ്പസ് അക്രമത്തിൽ ഏർപ്പെട്ടത് തങ്ങളുടെ ആളുകളാണെന്ന് ഈ സർക്കാരിനെ പിന്തുണയ്ക്കുന്നവർ സമ്മതിക്കുന്നു എന്നതാണ്, ” കനയ്യ കുമാർ പറഞ്ഞു.