LiveTV

Live

National

ചര്‍ച്ച ചൂടുപിടിച്ചു; ഗോഡ്സെയെ ‘പിന്തുണക്കുന്നു’വെന്ന് കനയ്യ കുമാറിനോട് ബി.ജെ.പി നേതാവ്

സിന്‍ഹ, ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയെ എതിര്‍ക്കുന്നില്ലെന്ന് തുറന്നുസമ്മതിച്ചത് സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

ചര്‍ച്ച ചൂടുപിടിച്ചു; ഗോഡ്സെയെ ‘പിന്തുണക്കുന്നു’വെന്ന് കനയ്യ കുമാറിനോട് ബി.ജെ.പി നേതാവ്

ജെ.എൻ.യു.എസ്.യു മുൻ പ്രസിഡന്റ് കനയ്യ കുമാറും ബി.ജെ.പി വക്താവ് അമിതാഭ് സിൻഹയും തമ്മിലുള്ള ടെലിവിഷൻ ചർച്ചയില്‍ നാടകീയ സംഭവങ്ങള്‍. സമീപകാലത്തെ ജെ.എന്‍.യു അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ ടുഡേ ചാനലിൽ നടന്ന ചര്‍ച്ച വ്യക്തിപരമായ ആരോപണങ്ങളുടെ കൂടി വേദിയായി.

ചര്‍ക്കിടെ കനയ്യ കുമാറിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായ ബി.ജെ.പി നേതാവും ജെ.എന്‍.യുവിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സിന്‍ഹ, ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയെ എതിര്‍ക്കുന്നില്ലെന്ന് തുറന്നുസമ്മതിച്ചത് സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. നിങ്ങള്‍ ഗോഡ്സെയെ എതിര്‍ക്കുന്നുണ്ടോയെന്ന കനയ്യയുടെ ചോദ്യത്തിന് വളഞ്ഞവഴിയില്‍ മറുപടി നല്‍കാന്‍ സിന്‍ഹ ശ്രമിച്ചതോടെ ഇതേ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഒടുവില്‍ കനയ്യയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായ സിന്‍ഹ, താന്‍ ഗോഡ്സെയെ എതിര്‍ക്കുന്നില്ലെന്ന് സമ്മതിക്കുകയായിരുന്നു. ഇതിനെ സബാഷ്... എന്ന് പറഞ്ഞാണ് കനയ്യ സ്വീകരിച്ചത്.

ഇതിന് തൊട്ടുമുമ്പ് കനയ്യയെ വ്യക്തിപരമായി അപമാനിക്കാനും സിന്‍ഹ ശ്രമിച്ചു. നീയൊരു സങ്കരജാതിയാണെന്നായിരുന്നു കനയ്യയെ സിന്‍ഹ വിശേഷിപ്പിച്ചത്. ഇതിനോട് വളരെ മാന്യമായാണ് കനയ്യ പ്രതികരിച്ചത്. ദയമായി അധിക്ഷേപിക്കരുതെന്നും ഇത് നിങ്ങള്‍ക്ക് ചേര്‍ന്ന നടപടിയല്ലെന്നുമായിരുന്നു കനയ്യയുടെ പ്രതികരണം. ഇതോടെ സങ്കരജാതി എന്നത് അധിക്ഷേപമല്ലെന്നായി സിന്‍ഹയുടെ മറുപടി. അങ്ങനെയാണെങ്കില്‍ നിങ്ങളുമൊരു സങ്കരജാതിയാണെന്ന് കനയ്യ പറഞ്ഞതോടെ അതേ, ഞാന്‍ സങ്കരജാതിയാണെന്നായിരുന്നു സിന്‍ഹയുടെ മറുപടി.