LiveTV

Live

National

ജെ.എൻ.യുവിൽ ആക്രമണം നടത്തിയത് എ.ബി.വി.പി തന്നെ; ചാനൽ ഓപറേഷനിൽ പ്രധാന അക്രമി കുടുങ്ങി

പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അക്രമത്തിന് പ്രോത്സാഹനം നൽകിയെന്നും ക്യാമ്പസിനകത്തും പുറത്തും പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും അക്ഷത് പറയുന്നു.

ജെ.എൻ.യുവിൽ ആക്രമണം നടത്തിയത് എ.ബി.വി.പി തന്നെ; ചാനൽ ഓപറേഷനിൽ പ്രധാന അക്രമി കുടുങ്ങി

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇടതു വിദ്യാർത്ഥികളാണെന്ന ഡൽഹി പൊലീസ് ആരോപണം പൊളിച്ച് ഇന്ത്യാ ടുഡേ ചാനലിന്റെ സ്റ്റിംഗ് ഓപറേഷൻ. ആക്രമണം നയിച്ചുവെന്ന് എ.ബി.വി.പി പ്രവർത്തകൻ സമ്മതിക്കുന്ന ദൃശ്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തു.

ജെ.എൻ.യുവിലെ ഒന്നാം വർഷ ഫ്രഞ്ച് ബിരുദവിദ്യാർത്ഥിയും കാവേരി ഹോസ്റ്റലിലെ താമസക്കാരനുമായ അക്ഷത് അശ്വതി താനാണ് അക്രമത്തിനു മുന്നിലുണ്ടായിരുന്നതെന്നും എ.ബി.വി.പി നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെന്നും സമ്മതിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യാ ടുഡേ പുറത്തുവിട്ടത്. ജീൻസും നീല ടിഷർട്ടുമണിഞ്ഞ് ഹെൽമറ്റ് ധരിച്ച് ആക്രമിക്കുന്നത് താൻ തന്നെയാണെന്നും അക്ഷയ് അശ്വതി പറയുന്നു. മറ്റൊരു ക്യാമ്പസിലെ എ.ബി.വി.പി ഭാരവാഹികളാണ് ആക്രമണം നടത്താനുള്ള സംഘത്തെ എത്തിച്ചതെന്നും ഇയാൾ സമ്മതിക്കുന്നുണ്ട്.

ക്യാമ്പസിലെ എ.ബി.വി.പി പ്രവർത്തകരും ഇടത് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിന് പ്രതികാരമായിട്ടായിരുന്നു അക്രമമെന്നും എ.ബി.വി.പി ഇങ്ങനെ തിരിച്ചടിക്കുമെന്ന് ഇടത് വിദ്യാർത്ഥികൾ പ്രതീക്ഷിച്ചു കാണിച്ചെന്നും അശ്വത് പറയുന്നു.

'എ.ബി.വി.പി സംഘടനാ സെക്രട്ടറിയായ വ്യക്തിയെ ഞാൻ വിളിച്ചു. സബർമതി ഹോസ്റ്റലിൽ ഇടതുവിദ്യാർത്ഥികളും അധ്യാപകരും ഒരു യോഗം നടത്തുകയായിരുന്നു. സബർമതിക്കു നേരെ ആക്രമണമുണ്ടായപ്പോൾ എല്ലാവരും ഓടി അകത്തുകയറി. എ.ബി.വി.പി ഇങ്ങനെ തിരിച്ചടിക്കുമെന്ന് അവർ കരുതിക്കാണില്ല.'
അക്ഷത് അശ്വതി, എ.ബി.വി.പി പ്രവർത്തകൻ

'ഞാനാണ് എല്ലാവരെയും ഒരുമിച്ചു കൂട്ടിയത്. അവർക്ക് അത് വലിയ ബുദ്ധിയുണ്ടായിരുന്നില്ല. എന്ത് എവിടെ ചെയ്യണമെന്ന കാര്യത്തിൽ ഒരു സൂപ്രണ്ടിനെ പോലെയോ കമാന്ററെ പോലെയോ പ്രവർത്തിക്കണമായിരുന്നു. എവിടെ ഒളിക്കണമെന്നും എവിടെ പോകണമെന്നുമുള്ള കാര്യത്തിൽ ഞാനാണ് എല്ലാവർക്കും നിർദേശങ്ങൾ നൽകിയത്. എല്ലാം പദ്ധതിയിട്ട് ചെയ്യണമെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്ക് എന്തെങ്കിലും സ്ഥാനമോ പദവിയോ ഇല്ല. എന്നിട്ടും അവർ ഞാൻ പറയുന്നത് അനുസരിച്ചു.' - അക്ഷത് പറയുന്നു.

പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അക്രമത്തിന് പ്രോത്സാഹനം നൽകിയെന്നും ക്യാമ്പസിനകത്തും പുറത്തും പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും അക്ഷത് പറയുന്നു. വഴിയിലെ ഒരു കൊടിയിൽ നിന്നാണ് താൻ വടി സ്വന്തമാക്കിയത്. എ.ബി.വി.പി വിദ്യാർത്ഥികൾ താമസിക്കുന്ന റൂമുകളെ ആക്രമണത്തിൽ നിന്ന് ഒഴിവാക്കി. പെരിയാർ ഹോസ്റ്റലിൽ സംഘർഷമുണ്ടായ സമയത്ത് ഇടത് വിദ്യാർത്ഥികൾ മുഖംമൂടി ധരിച്ചിരുന്നുവെന്നും ഇതിനെ അനുകരിക്കുകയാണ് ചെയ്തതെന്നും അക്ഷത് പറയുന്നുണ്ട്.

അക്രമത്തിൽ 20 എ.ബി.വി.പി പ്രവർത്തകരാണെന്ന് രോഹിത് ഷാ എന്ന വിദ്യാർത്ഥി സമ്മതിക്കുന്ന ദൃശ്യവും ഇന്ത്യാടുഡേ സംപ്രേഷണം ചെയ്തു.