ജെ.എന്‍.യു സമരം തുടരും; പൊലീസിന്റേത് എ.ബി.വി.പിയുടെ ഭാഷയെന്ന് വിദ്യാർഥി യൂണിയൻ
ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം നടന്ന് ആറ് ദിവസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ രൂക്ഷമായി കേന്ദ്രസര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് രംഗത്ത് വന്നത്.

ജെ.എന്‍.യു സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥികള്‍. കേസുകൾ കെട്ടിച്ചമച്ച് സമരം ഇല്ലാതാക്കാനാണ് ശ്രമമെന്ന് വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ പറഞ്ഞു. ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം നടന്ന് ആറ് ദിവസം കഴിഞ്ഞ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥി യൂണിയന് നേതാക്കള്‍ രൂക്ഷമായി കേന്ദ്രസര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച് രംഗത്ത് വന്നത്.
ഇതുവരെ ഒരു അറസ്റ്റ് പോലും രേഖപ്പെടുത്താത്ത പൊലീസിന്റേത് എ.ബി.വി.പിയുടെ ഭാഷയാണ് എന്നും വിദ്യാർഥി യൂണിയൻ പ്രതിനിധികള്‍ ആരോപിച്ചു. കേസുകൾ കെട്ടിച്ചമച്ചും അവഗണിച്ചും സമരത്തെ ഇല്ലാതാക്കാനാകില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം യുണൈറ്റഡ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ഇതിനിടയില്‍ പ്രതിഷേധം തുടരുന്ന വിദ്യാർഥി നേതാക്കളെ ഒഴിവാക്കി ശേഷിക്കുന്നവരുമായി വി.സി ചർച്ച നടത്തി. പ്രതിഷേധക്കാരെ കുറ്റപ്പെടുത്തിയായിരുന്നു ഇന്നലെയും വി.സിയുടെ പ്രസ്താവന. ആക്ടിവിസ്റ്റുകൾ ആയ വിദ്യാർഥികളാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് വി.സി കുറ്റപ്പെടുത്തി. ക്യാമ്പസിലെ അനധികൃത താമസക്കാരെ കണ്ടെത്താൻ ഹോസ്റ്റലുകളിൽ സുരക്ഷാ പരിശോധന നടത്താൻ വാർഡൻമാർക്ക് വി.സി നിർദ്ദേശം നൽകുകയും ചെയ്തു.