LiveTV

Live

National

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; എതിരഭിപ്രായങ്ങള്‍ തടയാനായി മാത്രം നിരോധനാജ്ഞ പാടില്ല

ഇന്റര്‍നെറ്റ് മൌലികാവകാശമാണെന്നും അനിശ്ചിതകാലത്തേക്ക് സേവനങ്ങള്‍ നിയന്ത്രിക്കരുതെന്നും കോടതി ഉത്തരവിട്ടു

കശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; എതിരഭിപ്രായങ്ങള്‍ തടയാനായി മാത്രം നിരോധനാജ്ഞ പാടില്ല

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രിം കോടതി. ഇന്റര്‍നെറ്റ് മൌലികാവകാശമാണെന്നും അനിശ്ചിതകാലത്തേക്ക് സേവനങ്ങള്‍ നിയന്ത്രിക്കരുതെന്നും കോടതി ഉത്തരവിട്ടു. എതിരഭിപ്രായങ്ങള്‍ തടയാന്‍ മാത്രം നിരോധനാജ്ഞ പാടില്ലെന്നും അങ്ങനെ ചെയ്യുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു

ജമ്മുകശ്മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതും നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചതും ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇന്റര്‍നെറ്റ് മൌലികാവകാശമാണെന്ന് വിധിച്ച കോടതി വിവരങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി പറഞ്ഞു. മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ മാത്രമേ ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവൂ. നിരോധനങ്ങള്‍ പ്രഖ്യാപിച്ചാല്‍ നിശ്ചിത സമയപരിധിയില്‍ പുനഃപരിശോധന വേണം. ഇന്റര്‍നെറ്റ് നിരോധിച്ചുള്ള ഉത്തരവുകള്‍ കോടതികളുടെ പരിശോധനക്ക് വിധേയമാണ്. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് ടെലികോം ചട്ടങ്ങളുടെ കൂടി ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൌരന്മാരുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കേണ്ടത് കോടതിയുടെ ചുമതലയാണെന്നും സുരക്ഷാപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കാനാണ് കോടതിയുടെ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് വിധിപ്രസ്താവത്തില്‍ പറയുന്നു. എതിരഭിപ്രായങ്ങള്‍ തടയാന്‍ വേണ്ടി മാത്രം നിരോധനാജ്ഞ പ്രഖ്യാപിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് അധികാര ദുര്‍വിനിയോഗമാമെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ആധുനിക ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എന്‍.വി രമണ,ആര്‍ സുഭാഷ് റെഡ്ഢി, ബി.ഗവായി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.