LiveTV

Live

National

സെക്‌സ് ചാറ്റ് വീഡിയോക്കു പിന്നാലെ രഹസ്യ റിപ്പോർട്ടും ലീക്കായി; നോയ്ഡ പൊലീസ് സൂപ്രണ്ടിന് സസ്‌പെൻഷൻ

ട്രാൻസ്ഫറിനു വേണം പണം പറ്റിയതും ക്രിമിനലുകളുമായി ബന്ധമുണ്ടാക്കിയതുമടക്കമുള്ള കുറ്റങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ ആരോപിക്കുന്നതാണ് റിപ്പോർട്ട്.

സെക്‌സ് ചാറ്റ് വീഡിയോക്കു പിന്നാലെ രഹസ്യ റിപ്പോർട്ടും ലീക്കായി; നോയ്ഡ പൊലീസ് സൂപ്രണ്ടിന് സസ്‌പെൻഷൻ

ഉത്തർപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പുറത്തായതിനെ തുടർന്ന് നോയ്ഡ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) വൈഭവ് കൃഷ്ണക്ക് സസ്‌പെൻഷൻ. വൈഭവ് കൃഷ്ണ ഉൾപ്പെട്ട സെക്‌സ് ചാറ്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തായത്. റിപ്പോർട്ടിൽ പേര് പരാമർശിക്കപ്പെടുന്ന മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥർ ട്രാൻസ്ഫർ ചെയ്യപ്പെടുകയും ചെയ്തു.

വൈഭവ് കൃഷ്ണയെന്ന് കരുതപ്പെടുന്ന വ്യക്തി യുവതിയുമായി ലൈംഗിക ചാറ്റ് നടത്തുന്ന വീഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ വീഡിയോയിലുള്ളത് താനല്ലെന്നും തന്നോട് മുഖസാദൃശ്യമുള്ള മറ്റാരോ ആണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം താൻ അന്വേഷിച്ചു കണ്ടെത്തുകയും ഈ റിപ്പോർട്ട് സർക്കാറിന് അയക്കുകയും ചെയ്തുവെന്നും ഇതിൽ ശത്രുതയുള്ള ചിലരാണ് വീഡിയോക്കു പിന്നിലെന്നും കൃഷ്ണ അവകാശപ്പെട്ടു. ഐ.ടി ആക്ട് പ്രകാരം എഫ്.ഐ.ആർ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെയാണ് വൈഭവ് കൃഷ്ണ തയ്യാറാക്കിയ, ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് ലീക്കായത്. ട്രാൻസ്ഫറിനു വേണം പണം പറ്റിയതും ക്രിമിനലുകളുമായി ബന്ധമുണ്ടാക്കിയതുമടക്കമുള്ള കുറ്റങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമേൽ ആരോപിക്കുന്നതാണ് റിപ്പോർട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഡി.ജി.പിക്കും മാത്രമാണ് എസ്.എസ്.പി റിപ്പോർട്ട് അയച്ചതെങ്കിലും ഇതിലെ വിശദാംശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ വൈഭവിനോട് ഡി.ജി.പി ഒ.പി സിംഗ് ആവശ്യപ്പെട്ടു.