LiveTV

Live

National

'കശ്മീരിന് മോചനം;' പ്ലക്കാർഡേന്തിയ യുവതിക്ക് പിന്തുണയുമായി ശിവസേന

ജമ്മു കശ്മീരിൽ സമാധാനം പുലരണമെന്നു മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും തെറ്റിദ്ധാരണക്ക് കാരണമായതിൽ ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു.

'കശ്മീരിന് മോചനം;' പ്ലക്കാർഡേന്തിയ യുവതിക്ക് പിന്തുണയുമായി ശിവസേന

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നടന്ന എ.ബി.വിപി അക്രമത്തിനെതിരെ മുംബൈയിൽ നടന്ന പ്രക്ഷോഭത്തിനിടെ 'കശ്മീരിനെ മോചിപ്പിക്കുക' എന്നെഴുതിയ പ്ലക്കാർഡേന്തിയ യുവതിക്ക് പിന്തുണയുമായി ശിവസേന. പ്രകടനത്തിൽ Free Kashmir എന്നെഴുതിയ പ്ലക്കാർഡ് ഉയർന്നതിനെതിരെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു. എന്നാൽ പ്ലക്കാർഡ് പിടിച്ച 'മറാത്ത യുവതി'യെ ന്യായീകരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തും പിന്നാലെ പാർട്ടി മുഖപത്രം സാമ്‌നയും രംഗത്തുവന്നു.

ജെ.എൻ.യുവിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ മർദനത്തിൽ നാൽപ്പതോളം വിദ്യാർത്ഥികൾക്കും പ്രൊഫസർക്കും പരിക്കേറ്റിരുന്നു. ഇതിനെതിരെ മുംബൈയിൽ ആയിരങ്ങൾ അണിനിരന്ന റാലി അരങ്ങേറി. ചൊവ്വാഴ്ച നടന്ന പ്രക്ഷോഭത്തിലാണ് 'കശ്മീരിന് മോചനം' എന്ന പ്ലക്കാർഡ് മെഹക് പ്രഭു എന്ന യുവതി ഉയർത്തിയത്.

തന്റെ മൂക്കിനു കീഴിൽ നടക്കുന്ന 'രാജ്യദ്രോഹ' പ്രവർത്തനങ്ങളോട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സഹിഷ്ണുത പുലർത്തുകയാണോ എന്ന് ഫഡ്‌നാവിസ് ചോദിച്ചു.

'ഇത് യഥാർത്ഥത്തിൽ എന്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ്? എന്തിനാണ് കശ്മീർ മോചന മുദ്രാവാക്യങ്ങൾ ഉയർത്തുന്നത്? മുംബൈയിൽ വിഘടനപ്രവർത്തനങ്ങളെ എങ്ങനെയാണ് വച്ചുപൊറുപ്പിക്കാൻ നമുക്കു കഴിയുക? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രണ്ട് കിലോമീറ്റർ മാത്രം അകലെ കശ്മീർ മോചന മുദ്രാവാക്യങ്ങൾ ഉയരുന്നു. ഉദ്ധവ്ജീ, താങ്കളുടെ മൂക്കിനു കീഴെ നടക്കുന്ന കശ്മീർ മോചന ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോട് താങ്കൾ സഹിഷ്ണുത പുലർത്തുകയാണോ?'
ദേവേന്ദ്ര ഫഡ്‌നാവിസ്

ഇതിനുപിന്നാലെ പ്ലക്കാർഡുമായി റാലിയിൽ പങ്കെടുത്ത യുവതി വിശദീകരണവുമായി രംഗത്തെത്തി. ജമ്മു കശ്മീരിൽ സമാധാനം പുലരണമെന്നു മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും തെറ്റിദ്ധാരണക്ക് കാരണമായതിൽ ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു. പലരും പ്രചരിപ്പിക്കുന്നതുപോലെ താൻ കശ്മീരിയല്ലെന്നും മുംബൈയിലാണ് താൻ ജനിച്ചുവളർന്നതെന്നും അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കശ്മീരിൽ ഇന്റർനെറ്റ്, മൊബൈൽ നിരോധനമടക്കം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് മോചനമാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നതെന്നും അതിൽ തെറ്റില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം, ഇന്ത്യക്കെതിരെ സംസാരിക്കുന്നവരോട് സഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുപിന്നാലെയാണ് സഞ്ജയ് റാവത്ത് എക്‌സിക്യൂട്ടീവ് എഡിറ്ററായ സാമ്‌നയും പ്രക്ഷോഭകരുടെ കശ്മീർ അനുകൂല നിലപാടിന് പിന്തുണ നൽകിയത്.

'മുംബൈക്കാരിയായ മറാത്തി വനിതക്ക് കശ്മീരികളുടെ വേദന മനസ്സിലാക്കാൻ കഴിയും. പ്രതിപക്ഷം ഇതിനെ രാജ്യദ്രോഹമായാണ് കരുതുന്നത്. ഉത്തരവാദിത്വമില്ലായ്മക്ക് ഇതിനേക്കാൾ മോശം ഉദാഹരണമില്ല. അഭിപ്രായം ഭയമില്ലാതെ തുറന്നുപറയുന്നത് രാജ്യദ്രോഹമായാണ് പ്രതിപക്ഷം കരുതുന്നതെങ്കിൽ അതൊരിക്കലും അവർക്കും രാജ്യത്തിനും നല്ലതല്ല. വനിത വിശദീകരണം നൽകിയതോടെ പ്രതിപക്ഷം മുഖംകുത്തി വീണിരിക്കുകയാണ്.'

സാമ്‌ന എഡിറ്റോറിയൽ പറയുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരായ ആരോപണത്തിലൂടെ പ്രതിപക്ഷം സ്വയം അപഹാസ്യരാവുകയാണെന്നും എഡിറ്റോറിയൽ തുടരുന്നു.

വരാണസിയിലെ സംസ്കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും തോറ്റ് എ.ബി.വി.പി
Also Read

വരാണസിയിലെ സംസ്കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും തോറ്റ് എ.ബി.വി.പി