LiveTV

Live

National

പൗരത്വ നിയമം: പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാം സന്ദര്‍ശനം റദ്ദാക്കി 

പൗരത്വ നിയമം: പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാം സന്ദര്‍ശനം റദ്ദാക്കി 

പൗരത്വ നിയമ ഭേദഗതിക്കെതിരായി ആസാമില്‍ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയുടെ സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനം റദ്ദാക്കി. ഈ വെള്ളിയാഴ്ച്ച കേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ആസാം സന്ദര്‍ശിക്കാനിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആസാം സന്ദര്‍ശിക്കുന്നത് നല്ലതല്ലെന്ന ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് ‘നോര്‍ത്ത് ഈസ്റ്റ് നൌ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി ഗെയിംസ് ഉദ്ഘാടനത്തിനായി ആസാമില്‍ വന്നാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്ന് നേരത്തെ ആള്‍ ആസാം വിദ്യാര്‍ഥി യൂണിയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആസാമിലെ പ്രശസ്ത ഗായിക സുബീന്‍ ഗാര്‍ഗും പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദര്‍ശനത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. മോദി വരുന്നപക്ഷം എയര്‍പോര്‍ട്ട് മുതല്‍ തന്നെ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്ന് സുബീന്‍ ഗാര്‍ഗ് ടി.വി ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കി. പ്രതിഷേധങ്ങളിലൂടെ എത്രത്തോളം തങ്ങള്‍ ഈ നിയമത്തിനെതിരാണെന്നും പിന്‍വലിക്കാന്‍ മോദിക്ക് മേല്‍ സമ്മര്‍ദ്ദമേറുമെന്നും ഗാര്‍ഗ് പറഞ്ഞു.

അതെ സമയം കേലോ ഇന്ത്യ യൂത്ത് ഗെയിംസ് ആരംഭിക്കുന്ന മുറക്ക് പ്രതിഷേധങ്ങള്‍ തണുക്കുമെന്ന് ആസാം സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഞായറാഴ്ച്ച നടന്ന ഇന്ത്യ-ശ്രീലങ്ക ടി-20മല്‍സരത്തിനിടെയും സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, ധനമന്ത്രി ഹിമാന്ത ബിസ്വ ശര്‍മ എന്നിവര്‍ക്കെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ സ്റ്റേഡിയത്തിലുയര്‍ന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ആസാമില്‍ ഡിസംബര്‍ 16ന് നടത്താനുദ്ദേശിച്ചിരുന്ന ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയും മാറ്റിവെച്ചിരുന്നു.