LiveTV

Live

National

വീഡിയോയില്‍ വടിയുമായി നില്‍ക്കുന്ന രണ്ടു പേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് എ.ബി.വി.പി നേതാവ്

നിങ്ങൾ പുറത്തുപോകുന്നുണ്ടെങ്കില്‍ സംഘങ്ങളായി മാത്രമേ പോകാവൂവെന്നും ഇരുമ്പ് ദണ്ഡ്, വടി, കുരുമുളക് സ്‌പ്രേ, ആസിഡ് ഇതെല്ലാം കൈവശം കരുതണമെന്നും സന്ദേശമുണ്ടായിരുന്നു

വീഡിയോയില്‍ വടിയുമായി നില്‍ക്കുന്ന രണ്ടു പേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് എ.ബി.വി.പി നേതാവ്

ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെ.എന്‍.യു)യിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ വീഡിയോകളിൽ വടിയുമായി നില്‍ക്കുന്ന രണ്ടു പേര്‍ ആർ‌.എസ്‌.എസ് അനുബന്ധ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയിലെ അംഗങ്ങളാണെന്ന് എ.ബി.വി.പി നേതാവ് സമ്മതിച്ചു. ഒരു ദേശീയ ടെലിവിഷനില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ദൃശ്യങ്ങളില്‍ വടിയുമേന്തി നില്‍ക്കുന്ന രണ്ടു പേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് എ.ബി.വി.പി ഡല്‍ഹി ജോയിന്റ് സെക്രട്ടറി അനിമ സോങ്കര്‍ സമ്മതിച്ചത്. ദൃശ്യങ്ങളിലുള്ള ഒരു വനിതാ അക്രമി ഡല്‍ഹി സര്‍വകലാശാലയിലെ ആക്ടിവിസ്റ്റാണ് എന്നും അനിമ പറഞ്ഞു.

“വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വളരെയധികം പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങള്‍ പരക്കുന്നുണ്ടായിരുന്നു. ഭീഷണികളുണ്ടെന്നും നിങ്ങൾ പുറത്തുപോകുന്നുണ്ടെങ്കില്‍ സംഘങ്ങളായി മാത്രമേ പോകാവൂവെന്നും ഇരുമ്പ് ദണ്ഡ്, വടി, കുരുമുളക് സ്‌പ്രേ, ആസിഡ് ഇതെല്ലാം കൈവശം കരുതണമെന്നും സന്ദേശമുണ്ടായിരുന്നു. അവർ എ.ബി.വി.പിയുടെ പ്രവർത്തകരല്ലെന്ന് ഞാൻ പറയുന്നില്ല. വികാസ് പട്ടേൽ ഞങ്ങളുടെ പ്രവർത്തകനാണ്. പക്ഷേ ഇതെല്ലാം സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ളതായിരുന്നു." അനിമ പറഞ്ഞു.

ദൃശ്യങ്ങളിലുള്ള മുൻ വിദ്യാർഥി ഒരു എ.ബി.വി.പി പ്രവർത്തകനാണെന്ന് പല ജെ.എന്‍.യു വിദ്യാർഥികളും സ്ഥിരീകരിച്ചിട്ടുണ്ട്. ജെ.എൻ.യുവിലെ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിദ്യാർഥി സർവേന്ദർ കുമാറാണ് രണ്ടാമത്തെ വ്യക്തി. സര്‍വേന്ദറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോള്‍ വിച്ഛേദിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ എ.ബി.വി.പി സെൻട്രൽ യൂണിവേഴ്‌സിറ്റി കൺവീനർ ലളിത് പാണ്ഡെ അനിമ സോങ്കറിനെ തള്ളി രംഗത്തെത്തി. "എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം ചോദ്യം ചെയ്യുന്നത്? അക്രമി സംഘത്തെ നയിക്കുകയും എ.ബി.വി.പി പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തത് ജെ.എൻ.യു.എസ്.യു പ്രസിഡന്റ് ഐഷി ഘോഷാണ്." ലളിത് പാണ്ഡെ പറഞ്ഞു.

വീഡിയോയിലെ ഒരു വനിതാ അക്രമി കോമൽ ശർമയാണെന്നാണ് കരുതുന്നതെന്ന് പേര് വെളിപ്പെടുത്താത്ത എ.ബി.വി.പി ഭാരവാഹി പറഞ്ഞു. "കോമൽ ശർമ ഞങ്ങളുടെ ആക്ടിവിസ്റ്റാണ്. എന്നാൽ ഇപ്പോൾ അവൾക്ക് ഭയമാണ്. മാതാപിതാക്കൾ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങൾക്കും അവളോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ജനുവരി 5 മുതൽ കോമള്‍ ശർമയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകള്‍ നിർജ്ജീവമാണെന്നും" ഭാരവാഹി പറഞ്ഞു.