LiveTV

Live

National

ജെ.എന്‍.യു ആക്രമണം; വൈസ് ചാന്‍സ്‍ലറെ തള്ളിപ്പറഞ്ഞ് കേന്ദ്രം 

സർവ്വകലാശാല അടച്ചിടണമെന്ന വി.സി യുടെ നിർദേശം കേന്ദ്രം നിരാകരിച്ചു.

ജെ.എന്‍.യു ആക്രമണം; വൈസ് ചാന്‍സ്‍ലറെ തള്ളിപ്പറഞ്ഞ് കേന്ദ്രം 

ജെ.എന്‍.യു വിലെ അക്രമങ്ങളിൽ വൈസ് ചാന്‍സ്‍ലര്‍ ജഗദീഷ് കുമാറിനെ തളളി കേന്ദ്രം. സർവ്വകലാശാല അടച്ചിടണമെന്ന വി.സി യുടെ നിർദേശം കേന്ദ്രം നിരാകരിച്ചു. മാനവവിഭവ ശേഷി മന്ത്രാലയം വി.സിയില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് തേടി. അതേസമയം അന്വേഷണത്തിൽ നിസംഗത തുടരുന്ന പൊലീസ് അക്രമികളുടെ വിവരങ്ങൾ തേടി പത്രപരസ്യം നൽകി.

ജെ.എന്‍.യു ആക്രമണത്തിനും അത് പാർട്ടിക്കും കേന്ദ്രസർക്കാരിനും ഉണ്ടാക്കിയ പ്രതിച്ഛായ നഷ്ടത്തിനും കാരണം വി.സി ആണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. വിഷയം ഒതുക്കി തീർക്കാൻ കേന്ദ്രം ശ്രമിക്കവെ ഇന്നലെ വി.സി എ.ബി.വിക്ക് ക്ലീൻ ചിട്ട് നൽകിയിട്ടുള്ള പ്രസ്താവന ആവർത്തിക്കുകയും ചെയ്തു. ഇതിലെല്ലാം കേന്ദ്രസർക്കാരിന് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് സർവകലാശാല അടച്ചിടണമെന്ന വി.സി യുടെ നിർേശം കേന്ദ്രം തള്ളിയത്. മാനവവിഭവശേഷി വകുപ്പ് വിസി യെ വിളിപ്പിച്ച് റിപ്പോർട്ട് തേടുകയും ചെയ്തു.

അതേസമയം എ.ബി.വി.പി ആക്രമണ കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതല്ലാതെ ഒരടി പോലും അന്വേഷണത്തിൽ പൊലീസ് മുന്നോട്ടു പോയിട്ടില്ല. ഇതിനിടെയാണ് പത്രപരസ്യം നൽകിയിട്ടുള്ളത്. അക്രമികളുടെ വിവരങ്ങൾ ഉള്ളവർ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പത്ര പരസ്യം. ഒപ്പം കാമ്പസിൽ പൊലീസ് വിവരങ്ങൾ സ്വീകരിക്കാൻ കൗണ്ടർ ആരംഭിച്ചിട്ടുണ്ട്. ‘തെളിവുകൾ ആവശ്യമുണ്ടെങ്കിൽ നൽകൂ’ എന്ന നിലപാടാണ് പോലീസിനെന്ന് വിദ്യാർഥികൾ വിമർശിച്ചു. വി.സി രാജിവക്കും വരെ പ്രതിഷേധം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.