LiveTV

Live

National

അമിത് ഷാക്കെതിരെ പ്രതിഷേധം; ബി.ജെ.പി പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു, വനിതാ അഭിഭാഷകരെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

പൗരത്വ നിയമത്തിന് പിന്തുണ തേടി ലജ്‌പത് നഗറിൽ വീടുതോറുമുള്ള പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് ഷാ മടങ്ങിയതിന് തൊട്ടുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്ന വീട് ആക്രമിക്കുകയായിരുന്നു. 

അമിത് ഷാക്കെതിരെ പ്രതിഷേധം; ബി.ജെ.പി പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു, വനിതാ അഭിഭാഷകരെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വനിതാ അഭിഭാഷകര്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. വീട് ആക്രമിച്ചതിനെ തുടര്‍ന്ന് വനിതാ അഭിഭാഷകരെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം പൗരത്വ നിയമത്തിന് അനുകൂലമായ പിന്തുണ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടിക്കിടയില്‍ രണ്ട് പെണ്‍കുട്ടികള്‍ നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ നേടിയിരുന്നു. അമിത് ഷാക്കെതിരെ ഗോ ബാക്ക് വിളിച്ചും സി.എ.എക്കെതിരായ ബാനറുകള്‍ ബാല്‍ക്കണിയില്‍ നിന്ന് തൂക്കിയിട്ടുമായിരുന്നു ഇവരെ പ്രതിഷേധം.

പൗരത്വ നിയമത്തിന് പിന്തുണ തേടി ലജ്‌പത് നഗറിൽ വീടുതോറുമുള്ള പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് അമിത് ഷാ മടങ്ങിയതിന് തൊട്ടുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്ന വീട് ആക്രമിക്കുകയായിരുന്നു. അക്രമി സംഘം ബലംപ്രയോഗിച്ച് വീട്ടിൽ കയറാൻ ശ്രമിച്ചതായി പെണ്‍കുട്ടികളിലൊരാളായ മലയാളി സൂര്യ രാജപ്പൻ പറഞ്ഞു. അമിത് ഷായുടെ റാലിയിലെ അംഗങ്ങൾ തങ്ങളുടെ പ്ലക്കാർഡും ബാനറും കണ്ടതിന് പിന്നാലെ തങ്ങള്‍ക്ക് നേരെ ആക്രോശം ആരംഭിക്കുകയായിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്തുകയും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് അവഹേളിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വീടിനുള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്.

നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധം ഉയര്‍ത്താന്‍ താനും കൂടെ താമസിക്കുന്ന സുഹൃത്തും തങ്ങളുടെ അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീട്ടിൽ നിർമ്മിച്ച ബാനർ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തത്. അമിത് ഷായുടെ നേതൃത്വത്തിലുള്ള റാലി തങ്ങളുടെ വീടിന് മുന്നിലൂടെ കടന്നുപോയപ്പോഴായിരുന്നു പ്രതിഷേധ ബാനര്‍ പ്രദര്‍ശിപ്പിച്ചത്. “ഞങ്ങൾ സി‌.എ‌.എയെയും എൻ.‌ആർ‌.സിയെയും നിരസിക്കുന്നു” എന്നിങ്ങനെയുള്ള ചില മുദ്രാവാക്യങ്ങളും ഉയര്‍ത്തിയിരുന്നതായും സൂര്യ പറഞ്ഞു.

“ഞങ്ങളുടെ അപ്പാർട്ട്മെന്റിന് താഴെയുള്ള തെരുവിൽ 150 ഓളം ആളുകളാണ് ഞങ്ങള്‍ക്ക് നേരെ ആക്രോശിച്ചത്. തികച്ചും സമാധാനപരമായി പ്രതിഷേധിച്ച ഞങ്ങള്‍ക്ക് നേരെ അവര്‍ ഉയര്‍ത്തിയത് കേട്ടലറയ്ക്കുന്ന അശ്ലീല വാക് പ്രയോഗങ്ങളായിരുന്നു. മുകളിലേക്ക് കയറിവന്ന അക്രമി സംഘം ബാൽക്കണിയിൽ നിന്ന് തൂക്കിയിട്ടിരുന്ന പ്രതിഷേധ ബാനർ നശിപ്പിച്ചു. തുടര്‍ന്ന് മുറിയിലേക്ക് അതിക്രമിച്ചു കയറാനായിരുന്നു അവരുടെ നീക്കം. ഞങ്ങള്‍ മുറിയടച്ച് അകത്തിരുന്നു. ഇതോടെ വാതിൽ തകർക്കുമെന്നായി പുറത്തുനിന്നുള്ള ഭീഷണി. തുറക്കാതായതോടെ വാതിലില്‍ ശക്തമായി അടിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ സുഹൃത്തുക്കളെ വിവരമറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ അവരെ അക്രമി സംഘം വീട്ടിലേക്ക് കയറാന്‍ അനുവദിച്ചില്ല. അവരെയും ഭീഷണിപ്പെടുത്തി. 4-5 മണിക്കൂറോളമാണ് ഞങ്ങള്‍ വീടിനുള്ളില്‍ കുടങ്ങിയത്. ഒടുവില്‍ പൊലീസിന്റെ സംരക്ഷണയിൽ ഏഴു മണിക്കൂറിനുശേഷമാണ് അവശ്യസാധനങ്ങളുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്”, യുവതി പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി ഞങ്ങള്‍ ഭയത്തിലാണ്. ഞങ്ങളുടെ സ്വഭാവത്തെ വരെ അവര്‍ ചോദ്യം ചെയ്തു. മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണിത് നടത്തിയതെന്ന് ആരോപിച്ചെന്നും സൂര്യ പറയുന്നു.