LiveTV

Live

National

പൗരത്വ നിയമം: മിസ്ഡ് കോളുകളുടെ എണ്ണം പുറത്തുവിട്ട് അമിത് ഷാ

ഈ നമ്പര്‍ ഹണിട്രാപ്പ് അടക്കമുള്ള പല വഴികളിലൂടെ പ്രചരിച്ചത് വന്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. 

പൗരത്വ നിയമം: മിസ്ഡ് കോളുകളുടെ എണ്ണം പുറത്തുവിട്ട് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തിന് (സി‌.എ‌.എ) പിന്തുണ അറിയിക്കാനായി ബി.ജെ.പി അവതരിപ്പിച്ച ടോള്‍ ഫ്രീ നമ്പറിലേക്ക് എത്തിയ മിസ്ഡ് കോളുകളുടെ എണ്ണം പുറത്തുവിട്ട് പാര്‍ട്ടി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബി.ജെ.പിയുടെ ടോള്‍ ഫ്രീ നമ്പറിലേക്ക് ഇതുവരെ 52 ലക്ഷത്തിലധികം മിസ്ഡ് കോളുകൾ ലഭിച്ചതായാണ് അമിത് ഷായുടെ വെളിപ്പെടുത്തല്‍.

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായും പ്രവാസികളും വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പ്രതിരോധത്തിലായ ബി.ജെ.പി പിന്തുണ തേടാന്‍ വേണ്ടിയാണ് അനുകൂലിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി ടോള്‍ ഫ്രീ നമ്പര്‍ എന്ന ആശയം രംഗത്തിറക്കിയത്. ഈ നമ്പര്‍ ഹണിട്രാപ്പ് അടക്കമുള്ള പല വഴികളിലൂടെ പ്രചരിച്ചത് വന്‍ ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് ഇത്രത്തോളം മിസ്ഡ‍് കോളുകള്‍ ലഭിച്ചതായുള്ള കണക്ക് അമിത് ഷാ പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ബി.ജെ.പി ഈ ടോള്‍ ഫ്രീ / മിസ്ഡ് കോള്‍ പ്രചരണം ആരംഭിച്ചത്. ഈ നമ്പറിൽ 52,72,000 മിസ്ഡ് കോളുകൾ അടക്കം ആകെ 68 ലക്ഷം കോളുകൾ ലഭിച്ചതായി ഷാ പറഞ്ഞു.

‘ഞാന്‍ തനിച്ചാണ്, എന്നോട് കൂട്ടുകൂടാമോ’ ? സി.എ.എക്ക് പിന്തുണ തേടിയുള്ള മിസ്ഡ് കോള്‍ നമ്പറില്‍ ‘ഹണിട്രാപ്പ്’
Also Read

‘ഞാന്‍ തനിച്ചാണ്, എന്നോട് കൂട്ടുകൂടാമോ’ ? സി.എ.എക്ക് പിന്തുണ തേടിയുള്ള മിസ്ഡ് കോള്‍ നമ്പറില്‍ ‘ഹണിട്രാപ്പ്’

സി.‌എ‌.എയെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകൾ പൊളിക്കാനാണ് തങ്ങള്‍ മിസ്ഡ് കോള്‍ പ്രചരണം ആരംഭിച്ചതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ടോൾ ഫ്രീ നമ്പറായ 8866288662 എന്ന നമ്പറിലേക്ക് ആളുകൾക്ക് മിസ്ഡ് കോൾ നൽകാനും പുതിയ നിയമത്തിന് പിന്തുണ നൽകാനും കഴിയുമെന്ന് ബി.ജെ.പി നേതാവ് അനിൽ ജെയിൻ പറഞ്ഞു. ഡല്‍ഹിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. പൗരത്വം നൽകാനാണ് നിയമമെന്നും അല്ലാതെ കളയാനല്ലെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമത്തിലെ വ്യവസ്ഥകൾ ജനങ്ങൾക്ക് വിശദീകരിക്കുന്നതിനായി വീടുതോറുമുള്ള പ്രചാരണം ബി.ജെ.പി നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വീടുകളില്‍ നിയമം വിശദീകരിച്ച് എത്തുന്ന ബി.ജെ.പി പ്രതിനിധികള്‍ക്ക് കുറച്ചൊന്നുമല്ല പരിഹാസം നേരിടേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ സംസ്ഥാനത്തെ ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് പൗരത്വ നിയമഭേദഗതിയോടുള്ള വിയോജിപ്പ് സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉൾപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഓണക്കൂർ കേന്ദ്രമന്ത്രിയെ അറിയിച്ചു.

ജോര്‍ജ് ഓണക്കൂറിന്റെ വീട്ടിലായിരുന്നു കിരണ്‍ റിജിജുവിന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയുടെ തുടക്കം. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വന്നത് ബി.ജെ.പിക്ക് നാണക്കേടായിരുന്നു.