LiveTV

Live

National

ജെ.എന്‍.യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി.സി; സംഘർഷം ദൗർഭാഗ്യകരമാണെന്ന് വി.സി

സമാധാനം പുനസ്ഥാപിക്കാൻ ആണ് ശ്രമം, ജെ.എന്‍.യു അക്രമങ്ങളുടേതല്ല; ആശയങ്ങളുടേതാണെന്നും വി.സി ജഗദേഷ് കുമാര്‍ പറഞ്ഞു

ജെ.എന്‍.യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി.സി; സംഘർഷം ദൗർഭാഗ്യകരമാണെന്ന് വി.സി

ജെ.എന്‍.യുവില്‍ നടന്നത് മിന്നലാക്രമണമെന്ന് പ്രോ വി.സി ചിന്താമണി മഹാപാത്ര. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും അക്രമികള്‍ പുറത്തുനിന്നെത്തിയാവരാണന്നും പ്രോ വി.സി പറഞ്ഞു. അതേസമയം കാംപസിലുണ്ടായ സംഘർഷം ദൗർഭാഗ്യകരമാണെന്ന് വി.സി പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാൻ ആണ് ശ്രമം, ജെ.എന്‍.യു അക്രമങ്ങളുടേതല്ല; ആശയങ്ങളുടേതാണെന്നും വി.സി ജഗദേഷ് കുമാര്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സമരം ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്നു ആക്രമിച്ചത്.

മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. തന്നെ സംഘം മാരകമായി ആക്രമിച്ചെന്ന് ഐഷി ഘോഷ് പറഞ്ഞു. വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകള്‍ തല്ലിച്ചതച്ചെന്ന് വിദ്യാര്‍ഥി യൂണിയന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു ട്വീറ്റ് ചെയ്തു. എ.ബി.വി.പി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും വെസ്റ്റ് ഗേറ്റിലെ ഹോസ്റ്റല്‍ ലക്ഷ്യമാക്കിയാണ് ഗുണ്ടകള്‍ നീങ്ങിയതെന്നും യൂണിയന്‍ ആരോപിച്ചു.