ജെ.എൻ.യുവിൽ എ.ബി.വി.പി അക്രമം നടന്നിട്ട് മൂന്നു ദിവസം; അക്രമികള്‍ക്ക് പകരം ഇരകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
അതേസമയം സർവകലാശാല അധികൃതരുടെ പരാതിയിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 19 പേർക്ക് എതിരെ കേസെടുത്തു

ജെ.എൻ.യുവിൽ എ.ബി.വി.പി അക്രമം നടന്ന് മൂന്നു ദിവസമായിട്ടും ഒരു അറസ്റ്റ് പോലും രേഖപ്പെടുത്താതെ പൊലീസ്. അതേസമയം സർവകലാശാല അധികൃതരുടെ പരാതിയിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 19 പേർക്ക് എതിരെ കേസെടുത്തു. കാമ്പസിൽ പരിശോധന നടത്തിയ ക്രൈം ബ്രാഞ്ചിന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനായില്ല. ജെ.എന്‍.യുവിലെ എ.ബി.വി.പി അക്രമത്തിൽ നിരവധി പരാതികളാണ് പൊലീസിന് മുന്നിലുള്ളത്.
നാലു എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതല്ലാതെ ഒരു നടപടിയും പൊലീസ് എടുത്തിട്ടില്ല. അതേസമയം വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐയ്ഷെ ഘോഷ് അടക്കം 19 പേർക്കെതിരെ കേസ് എടുത്തു. സർവകലാശാല അധികൃതരുടെ പരാതിയിൽ സുരക്ഷാഗാഡുകളെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്.
പൊലീസ് നടപടിക്കെതിരെ വിദ്യാർഥി യൂണിയൻ പ്രതിഷേധിച്ചു. പ്രതിപക്ഷത്തെ വിമർശിക്കുന്ന അമിത് ഷാ പൊലീസിന്റെ നിസംഗതയെന്തെന്ന് നോക്കണമെന്ന് ഡി. രാജ പ്രതികരിച്ചു. കാമ്പസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ലഭിച്ച വാട്സാപ്പ് നമ്പറുകളിൽ പലതും സ്വിച്ച് ഓഫ് ആണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനായില്ലെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. ഫൊറൻസിക് സംഘവും കാമ്പസിലെത്തി. ആഭ്യന്തര മന്ത്രാലത്തിന് റിപ്പോർട്ട് സമർപ്പിക്കേണ്ട വസ്തുതാന്വേഷണ സംഘത്തിന്റെ മേധാവി ജോയിന്റ് സി.പി ശാലിനി സിങ്ങും വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഇതിനിടെ സംഭവത്തില്‍ നിന്ന് സര്‍വകലാശാല അധികൃതര്‍ തല ഊരാന്‍ ശ്രമിക്കവെ ആക്രമണം സംബന്ധിച്ച് ചര്‍ച്ച നടന്ന വാട്സ് അപ് ഗ്രൂപ്പിൽ ജെ.എന്‍.യു ചീഫ് പ്രോക്ടര്‍ ധനജ്ഞയ് സിങും ഉണ്ടെന്ന് റിപ്പോർട്ടുകള്‍ പുറത്ത് വന്നു. ഗ്രൂപ്പിലുള്ള എ.ബി.വി.പിയുടെ എട്ടു ഭാരവാഹികൾ, ഡൽഹി സര്‍വകലാശാലക്ക് കീഴിലുള്ള ഉള്ള കോളേജിലെ അധ്യാപകൻ എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രൊഫ. സി.പി ചന്ദ്രശേഖർ സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചു. ജെ.എന്‍.യുവിലെ സംഭവം നിലവിലെ രാജ്യത്തെ സംവിധാനങ്ങളിലെ വിശ്വാസം നഷ്ടപ്പെടുത്തി എന്ന് ചന്ദ്രശേഖര്‍ പ്രതികരിച്ചു.