LiveTV

Live

National

ഗുണ്ടാ ആക്രമണത്തില്‍ തല പൊട്ടിയ ഐഷി ഘോഷിനെതിരെ പൊലീസ് കേസ്

നൂറോളം വരുന്ന മുഖംമൂടി ധരിച്ച ഗുണ്ടാസംഘം ഇരുമ്പുവടികളും ചുറ്റികകളും ഉപയോഗിച്ച് ജെ.എൻ.യുവിനുള്ളിൽ ക്രൂരമായ ആക്രമണം നടത്തിയതിന് ഒരു ദിവസം മുമ്പാണ് ആരോപണവിധേയമായ ഈ സംഭവം നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്

ഗുണ്ടാ ആക്രമണത്തില്‍ തല പൊട്ടിയ ഐഷി ഘോഷിനെതിരെ പൊലീസ് കേസ്

ഞായറാഴ്ച ഡല്‍ഹി ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തു. യൂണിവേഴ്‌സിറ്റി സെർവർ മുറി തകര്‍ത്തതായും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതായും ആരോപിച്ചാണ് ഐഷി ഘോഷിനും മറ്റ് 19 പേർക്കുമെതിരെ ഡല്‍ഹി പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റര്‍ ചെയ്തത്. ഹോസ്റ്റൽ ഫീസ് വർധന അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി വിദ്യാർഥികൾ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. സെമസ്റ്റർ രജിസ്ട്രേഷൻ തടസപ്പെടുത്താന്‍ പ്രതിഷേധങ്ങള്‍ക്കിടെ യൂണിവേഴ്‍സിറ്റിയിലെ കമ്പ്യൂട്ടര്‍ സെര്‍വര്‍ റൂം സമരക്കാര്‍ തകര്‍ത്തെന്നും സാങ്കേതിക ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറില്‍ ജെ.എന്‍.യു ഭരണസമിതിയുടെ വാദം.

നൂറോളം വരുന്ന മുഖംമൂടി ധരിച്ച ഗുണ്ടാ സംഘം ഇരുമ്പുവടികളും ചുറ്റികകളും ഉപയോഗിച്ച് ജെ.എൻ.യുവിനുള്ളിൽ ക്രൂരമായ ആക്രമണം നടത്തിയതിന് ഒരു ദിവസം മുമ്പാണ് ആരോപണവിധേയമായ ഈ സംഭവം നടന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇരുമ്പുവടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഐഷി ഘോഷ് ഉൾപ്പെടെ 34 പേർക്ക് പരിക്കേറ്റിരുന്നു. ജനുവരി 3 (വെള്ളി), ജനുവരി 4 (ശനി) എന്നീ ദിവസങ്ങളിലായി രണ്ട് എഫ്‌.ഐ‌.ആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചത്തെ എഫ്‌.ഐ‌.ആറിൽ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ഇതും സെർവർ റൂം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ്. ജനുവരി നാലിലെ എഫ്‌.ഐ‌.ആർ പ്രകാരം ഐഷി ഘോഷും മറ്റുള്ളവരും ആക്രമണം നടത്തിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിയെന്നും ഇവരെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഹോസ്റ്റൽ ഫീസ് വർധനവ് സംബന്ധിച്ച് വിദ്യാർഥികളും സർവകലാശാലയും തമ്മിൽ നിലനിൽക്കുന്ന തർക്കവുമായി ബന്ധപ്പെട്ടതാണ് സെർവർ റൂം സംഭവമെന്ന് ജെ.എൻ.യു ഭരണകൂടം അവകാശപ്പെട്ടു.