LiveTV

Live

National

അലിഗഡിലെ പൊലീസ് അക്രമം: അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷനോട് അലഹാബാദ് ഹൈക്കോടതി

അധികൃതർ വിളിച്ചതിനു ശേഷമാണ് പൊലീസ് ക്യാമ്പസിൽ പ്രവേശിച്ചതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരിൽ വിദ്യാർത്ഥികളല്ലാത്തവരും ഉണ്ടായിരുന്നുവെന്നും യൂണിവേഴ്‌സിറ്റി.

അലിഗഡിലെ പൊലീസ് അക്രമം: അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷനോട് അലഹാബാദ് ഹൈക്കോടതി

അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാമ്പസിലുണ്ടായ പൊലീസ് അതിക്രമത്തെപ്പറ്റി അന്വേഷണം നടത്താൻ അലഹാബാദ് ഹൈക്കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കു നേരെ ഡിസംബർ 15-ന് ഉത്തർപ്രദേശ് പൊലീസ് നടത്തിയ അതിക്രമങ്ങളിൽ അറുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.

അലിഗഡ് വിദ്യാർത്ഥി മുഹമ്മദ് അമൻ ഖാൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നോട്ടീസയച്ചത്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മഥുർ, ജസ്റ്റിസ് വിവേക വർമ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

'മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ആ ലംഘനങ്ങൾ തടയുന്നതിൽ അലംഭാവം കാണിച്ചുവെന്നുമുള്ള സൂചനയുണ്ട്. പരാതിക്കാരൻ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന, പരാതിക്കൊപ്പം സമർപ്പിച്ച വീഡിയോ ഫുട്ടേജുകൾ ഞങ്ങൾ പരിശോധിച്ചിട്ടില്ല. എന്നിരുന്നാലും പരാതിക്കൊപ്പം സമർപ്പിച്ച ഫോട്ടോഗ്രാഫുകൾ ഹരജിക്കാരൻ മൃഗീയം എന്നു വിശേഷിപ്പിച്ച ഗുരുതരമായ സംഭവങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. ഈ യാഥാർത്ഥ്യങ്ങളുടെ ആഖ്യാനം അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.'
- അലഹാബാദ് ഹൈക്കോടതി

മനുഷ്യാവകാശ കമ്മീഷൻ അഞ്ചാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിധിച്ചു. ഫെബ്രുവരി 17-ന് കേസിൽ വീണ്ടും വാദം കേൾക്കും. മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഹാജരാവാൻ കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിന്റെയും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി അധികൃതരുടെയും വിവിധ വിശദീകരണങ്ങൾ കൂടി പരിഗണിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. യൂണിവേഴ്‌സിറ്റി അധികൃതർ വിളിച്ചതിനു ശേഷമാണ് പൊലീസ് ക്യാമ്പസിൽ പ്രവേശിച്ചതെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരിൽ വിദ്യാർത്ഥികളല്ലാത്തവരും ഉണ്ടായിരുന്നുവെന്നും യൂണിവേഴ്‌സിറ്റി കോടതി മുമ്പാകെ ബോധിപ്പിച്ചു.

കേന്ദ്ര മനുഷ്യാവകാശ കമ്മീഷനു പകരം പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നും കമ്മീഷന് സിവിൽ സ്വഭാവമാണുള്ളതെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇവർക്കു കഴിയില്ലെന്നും മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. എന്നാൽ, സമാനമായ രീതിയിൽ പൊലീസ് അതിക്രമമുണ്ടായ ജാമിഅ മില്ലിയ്യ കേസ് മനുഷ്യാവകാശ കമ്മീഷനാണ് അന്വേഷിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

അലിഗഡിൽ ഉത്തർപ്രദേശ് പൊലീസിന്റെ ക്രൂരമായ മർദനമുറകളുടെ റിപ്പോർട്ടുകളും ഫുട്ടേജുകളും മറ്റും ലഭ്യമാണെങ്കിലും ആയിരം അലിഗഡ് വിദ്യാർത്ഥികൾക്കെതിരെ ദ്രുതകർമസേന കേസെടുത്തിട്ടുണ്ട്.