പശുക്കള്‍ക്ക് വിദ്യാര്ഥികളെക്കാള് കൂടുതല്‍ സുരക്ഷ കിട്ടുന്നുണ്ട്; രൂക്ഷ വിമര്‍ശനവുമായി ട്വിങ്കിള്‍ ഖന്ന
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഞായറാഴ്ച മുഖംമൂടി ധരിച്ച അക്രമി സംഘം വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചതിനെ തുടർന്ന് ഒട്ടേറെ പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എൻ.യു) കാമ്പസിൽ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന.
“ഇന്ത്യയില്‍ പശുക്കൾക്ക് വിദ്യാർഥികളേക്കാൾ കൂടുതൽ സംരക്ഷണം ലഭിക്കുന്നതായി തോന്നുന്നു. നിങ്ങൾക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമർത്താൻ കഴിയില്ല. ഇവിടെ കൂടുതൽ പ്രതിഷേധങ്ങളും കൂടുതൽ സമരങ്ങളുമുണ്ടാകും. തെരുവിൽ കൂടുതൽ ആളുകളും ഇറങ്ങും.'' ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ''ഇന്നലെ അവര്‍ എ.എം.യുവിലെത്തി, ഇന്ന് ജെ.എന്‍.യുവില്‍, നാളെ നിങ്ങളിലേക്ക് എത്തും'' എന്നൊരു പത്ര വാര്‍ത്തയുടെ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ പ്രതികരണം. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഞായറാഴ്ച മുഖംമൂടി ധരിച്ച അക്രമി സംഘം വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചതിനെ തുടർന്ന് ഒട്ടേറെ പേരാണ് പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭർത്താവും നടനുമായ അക്ഷയ് കുമാറിന് അഭിമുഖം നൽകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിങ്കിള്‍ ഖന്നയെ കുറിച്ച് പറഞ്ഞതും അതിന് ട്വിങ്കിള്‍ നല്കിയ മറുപടിയുമൊക്കെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അക്ഷയ് ബി.ജെ.പിയെ പിന്തുണക്കുകയും ട്വിങ്കിള്‍ മോദിയുടെ വിമര്‍ശകയുമാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ട്വിങ്കിളിന്റെ ട്വീറ്റ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നോ എന്ന് അക്ഷയ് കുമാര്‍ അഭിമുഖത്തിനിടെ ചോദിച്ചപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടായിരുന്നെന്നായിരുന്നു മോദിയുടെ മറുപടി.
‘തീര്‍ച്ചയായും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. പുറത്ത് എന്താണ് നടക്കുന്നതെന്നറിയാന്‍ ഇത് ഉപകാരപ്പെടുന്നു. നിങ്ങളുടേയും ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റുകളും ഞാന്‍ വായിക്കാറുണ്ട്. അവര്‍ക്ക് എന്റെ അടുത്തുള്ള ദേഷ്യം കാണുമ്പോള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം വളരെ സുഖകരമായിരിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു.’ ഇതിന് പിന്നാലെ മറുപടിയുമായി ട്വിങ്കിള്‍ ഖന്ന എത്തിയതോടെ ചര്‍ച്ച ചൂടുപിടിച്ചു. ഞാന്‍ ഇതിനെ മനസിലാക്കുന്നത് ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പ്രധാനമന്ത്രി അറിഞ്ഞാല്‍ മാത്രം മതിയാവില്ല മറിച്ച് എന്റെ വിമര്ശനങ്ങള്കൂടി വായിക്കുന്നുണ്ട് എന്നതാണ് - ഇങ്ങനെയായിരുന്നു മോദിയുടെ കമന്റിന് പ്രതികരണമായി ട്വിങ്കിള്‍ ഖന്ന പറഞ്ഞത് .