ഇന്ന് എന്റെ മകള്‍, നാളെ... ഐഷി ഘോഷിന്റെ പിതാവ് പറയുന്നു
പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറാന് മകളോട് ആവശ്യപ്പെടില്ലെന്ന് ഐഷിയുടെ അമ്മ
രാജ്യത്തെ അന്തരീക്ഷം കലുഷിതവും ഭയപ്പെടുത്തുന്നതുമാണെന്ന് ജെ.എന്‍.യുവില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിന്റെ പിതാവ്. ഇന്ന് തന്റെ മകള്‍ ആക്രമിക്കപ്പെട്ടു. നാളെയത് മറ്റൊരാളാവാമെന്നും ഐഷിയുടെ പിതാവ് പറഞ്ഞു.
ഫീസ് വര്‍ധനക്കെതിരെ സമാധാനപരമായാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. എന്നിട്ടും ആക്രമിക്കപ്പെട്ടു. അവളുടെ തലയില്‍ അഞ്ച് സ്റ്റിച്ചുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആശങ്കയുണ്ട്. അവള് ഇടതുപക്ഷ പ്രവര്‍ത്തകയാണ്. എവിടെയും ഇടതുപക്ഷത്തുള്ളവര്‍ ആക്രമിക്കപ്പെടുന്നുവെന്നും പിതാവ് പറഞ്ഞു.
അതേസമയം പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറാന് മകളോട് ആവശ്യപ്പെടില്ലെന്ന് ഐഷിയുടെ അമ്മ പ്രതികരിച്ചു. അവള്‍ക്കൊപ്പം ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമുണ്ട്. അവര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ട്. ഫീസ് വര്‍ധനവിനെതിരെ സമയം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്ത വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം സംഘപരിവാര്‍ പ്രവര്‍ത്തകരാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ജെ.എന്‍.യുവില്‍ അക്രമം അഴിച്ചു വിട്ടത്. അക്രമത്തിൽ വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകരായ സുചരിത സെൻ, അമിത് പരമേശ്വരൻ അടക്കമുള്ളവർക്ക് പരിക്കേറ്റു. ഇവർ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ സുരക്ഷാ ഗാഡുകളും പൊലീസും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. വിദ്യാർത്ഥികളെ സന്ദർശിക്കാനെത്തിയ യോഗേന്ദ്ര യാദവിനും മർദ്ദനമേറ്റു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കാത്തതിനെതിരെ പൊലീസ് ആസ്ഥാനത്ത് വിദ്യാർഥികൾ പ്രതിഷേധിച്ചു.