മോദിയും അമിത് ഷായും തീവ്രവാദികളാണെന്ന് അനുരാഗ് കശ്യപ്
നിശബ്ദരായ കാഴ്ചക്കാരെ പോലെ നിന്ന പൊലീസുകാര്‍, ആക്രമണത്തിന് ശേഷം മുഖംമൂടി ധരിച്ച ഗുണ്ടകൾക്ക് സുരക്ഷിതമായ യാത്രാമാർഗം ഒരുക്കുകയും ചെയ്തതായി ആരോപണമുണ്ട്.

ഞായറാഴ്ച രാത്രി ജെ.എൻ.യുവിനുള്ളിൽ നടന്ന വൻ അക്രമത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷഭാഷയിലാണ് കശ്യപ് വിശേഷിപ്പിച്ചത്. മോദിയും ഷായും അവരുടെ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് പറയുന്നതിൽ തനിക്ക് ലജ്ജയില്ലെന്ന് കശ്യപ് പറഞ്ഞു.
“അമിത് ഷാ, നരേന്ദ്ര മോദി നിങ്ങളും നിങ്ങളുടെ ബി.ജെ.പിയും എ.ബി.വി.പിയും തീവ്രവാദികളാണെന്ന് പറയുന്നതിൽ എനിക്ക് ലജ്ജയില്ല.” #JNUSU എന്ന ഹാഷ്ടാഗിലൂടെ അദ്ദേഹം ട്വീറ്റ് ചെയ്തു. “ഹിന്ദുത്വ ഭീകരത അങ്ങേയറ്റമെത്തി”യെന്ന് മറ്റൊരു ട്വീറ്റിൽ കശ്യപ് കുറിച്ചു. ഞായറാഴ്ച രാത്രി മുഖംമറച്ച ഒരു സംഘം ഗുണ്ടകള്‍ ജെ.എന്‍.യു കാമ്പസിൽ പ്രവേശിച്ച് വന്‍ അക്രമം അഴിച്ചുവിട്ടിരുന്നു.
വിദ്യാര്‍ഥികളെയും അധ്യാപകരെയും ക്രൂരമായാണ് ഇവര്‍ ആക്രമിച്ചത്. ആക്രമണം നടക്കുമ്പോള്‍ പൊലീസിന്റെ വീഴ്ച കൂടുതൽ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. നിശബ്ദരായ കാഴ്ചക്കാരെ പോലെ നിന്ന പൊലീസുകാര്‍, ആക്രമണത്തിന് ശേഷം മുഖംമൂടി ധരിച്ച ഗുണ്ടകൾക്ക് സുരക്ഷിതമായ യാത്രാമാർഗം ഒരുക്കുകയും ചെയ്തതായി ആരോപണമുണ്ട്. 40 ലേറെ വിദ്യാർഥികൾക്ക് പരിക്കേറ്റ അക്രമത്തിൽ രാജ്യമെമ്പാടുമുള്ള വിദ്യാർഥികൾ രാത്രി വൈകി വന്‍ പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തുണ്ട്.