LiveTV

Live

National

"നാസി ജര്‍മ്മനിയിലെ അതേ അവസ്ഥ", ജെ.എന്‍.യു ആക്രമണത്തില്‍ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി

1983ല്‍ ജെ.എന്‍.യുവില്‍ നടന്ന പോലീസ് അതിക്രമത്തില്‍ സമാനമായ ആക്രമണം എം.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന അഭിജിത്ത് ബാനര്‍ജിയും നേരിട്ടിരുന്നു.

"നാസി ജര്‍മ്മനിയിലെ അതേ അവസ്ഥ", ജെ.എന്‍.യു ആക്രമണത്തില്‍ നൊബേല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി

ജെ.എന്‍.യുവിലെ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി. ജര്‍മനി നാസി ഭരണത്തിലേക്ക് പോകുന്നതിന് മുമ്പ് ഉണ്ടായിരുന്ന അതേ അവസ്ഥയ്ക്ക് സമാനമായ കാര്യങ്ങളാണ് ഇപ്പോഴത്തെ സംഭവത്തില്‍ കാണാന്‍ സാധിക്കുന്നതെന്നും ബാനര്‍ജി വ്യക്തമാക്കി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയാണ് അഭിജിത്ത് ബാനര്‍ജി.

"ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാള്‍ക്കും വിഷമം തോന്നുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്", അഭിജിത്ത് ബാനര്‍ജി പ്രതികരിച്ചു. സര്‍ക്കാര്‍ പ്രത്യാരോപണത്തിന് ശ്രമിക്കുമ്പോള്‍ അതിനിടയില്‍ സത്യം മുങ്ങിത്താഴരുതെന്നും അഭിജിത്ത് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരേ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തികൊണ്ടുള്ള യൂണിവേഴ്‌സിറ്റി രജിസ്റ്റാറുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത്... ഐഷി പറയുന്നു
Also Read

ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത്... ഐഷി പറയുന്നു

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്
Also Read

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്

ആക്രമണത്തില്‍ പരിക്കേറ്റവരെക്കുറിച്ചാണ് തന്റെ ഉത്കണ്ഠയെന്നും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതേസമയം 1983ല്‍ ജെ.എന്‍.യുവില്‍ നടന്ന പോലീസ് അതിക്രമത്തില്‍ സമാനമായ ആക്രമണം എം.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന അഭിജിത്ത് ബാനര്‍ജിയും നേരിട്ടിരുന്നു.

താന്‍ ജെ.എന്‍.യുവിലെ സമരത്തില്‍ പഠനകാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ബാനര്‍ജി മുമ്പ് വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു സമരം നടത്തിയത്. വധശ്രമമടക്കമുള്ള കേസുകളാണ് അന്ന് അഭിജിത്തിനെതിരെ ചുമത്തിയത്. എന്നാല്‍ കേസ് പിന്നീട് ഒഴിവാക്കിയെന്നും, പക്ഷേ അത് പത്ത് ദിവസത്തോളം ജയിലില്‍ കിടന്ന ശേഷമായിരുന്നുവെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു.