LiveTV

Live

National

ഒടുവില്‍ പൊലീസ് സമ്മതിച്ചു; ജാമിഅ മില്ലിയയില്‍ വെടിയുതിര്‍ത്തു

സഫ്ദർജംഗ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഒരു പ്രതിഷേധക്കാരന്റെ പരിക്ക് വെടിയേറ്റത് മൂലമാണെന്ന് സംശയിച്ചിരുന്നു.

ഒടുവില്‍ പൊലീസ് സമ്മതിച്ചു; ജാമിഅ മില്ലിയയില്‍ വെടിയുതിര്‍ത്തു

ജാമിഅ മില്ലിയ ഇസ്‍ലാമിയ (ജെ.‌എം‌.ഐ) ലൈബ്രറിയിൽ വെടിവെപ്പ് നടത്തിയതായി പൊലീസ് സമ്മതിച്ചു. കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിന് മൂന്നാഴ്ച പിന്നിടുമ്പോഴാണ്, സി‌.എ‌.എ വിരുദ്ധ പ്രതിഷേധത്തിനിടെ വെടിവപ്പ് നടത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചത്. എൻ.‌ഡി‌.ടി.‌വിയിലും ദി ഇന്ത്യൻ എക്സ്പ്രസിലും വന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച പൊലീസ് ഓഫീസർ, പൊലീസ് വെടിവെപ്പ് അടക്കം ഡിസംബര്‍ 15 ന് നടന്ന മുഴുവന്‍ അക്രമ സംഭവങ്ങളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും പറഞ്ഞു. സംഭവം നടന്നത് മുതൽ പ്രതിഷേധക്കാർക്ക് നേരെ വെടിവപ്പ് നടത്തിയിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം.

സഫ്ദർജംഗ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഒരു പ്രതിഷേധക്കാരന്റെ പരിക്ക് വെടിയേറ്റത് മൂലമാണെന്ന് സംശയിച്ചിരുന്നു. എന്നാൽ പിന്നീട് കണ്ണീർ വാതക ഷെല്ലുകളില്‍ നിന്നാണ് പരിക്കേറ്റതെന്നായിരുന്നു വിശദീകരണം പുറത്തുവന്നത്. സംഭവ സ്ഥലത്തു വെച്ച് ഒരു പ്രദേശവാസി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മൂന്ന് പൊലീസുകാർ സമീപത്തെ ഒരു മതിൽ കവചമാക്കുകയും തുടര്‍ന്ന് രണ്ട് പൊലീസുകാർ അവരുടെ സർവീസ് പിസ്റ്റളുകൾ പുറത്തെടുത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ക്കുകയും ചെയ്തത് വ്യക്തമായിരുന്നു. ഡിസംബർ 15 ന് മഥുര റോഡിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. “എസ്.ഐ.ടി അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ ഞങ്ങൾക്ക് ഇത് സ്ഥിരീകരിക്കാൻ കഴിയില്ല. ഇനിയത് ചെയ്തെങ്കില്‍ തന്നെ, അത് സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ള നടപടിയായിരുന്നു. ഇതില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ല,” ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പൊലീസുകാർ വെടിയുതിർക്കുന്നത് കണ്ടതായി പൊലീസ് ഡയറിയിൽ പരാമർശിച്ചിരുന്നു.