അമിത് ഷാക്ക് നേരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികൾക്കു പോലീസ് കാവൽ
പ്രതിഷേധ ബാനർ ബി.ജെ.പി പ്രവർത്തകർ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് യുവതികൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയത്
പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നേരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികൾക്കു പോലീസ് കാവൽ ഏർപ്പെടുത്തി. ഇവർ താമസിക്കുന്ന ഫ്ളാറ്റിന് പുറത്തു ഡൽഹി പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളെ കാണാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെയും പോലീസ് തടഞ്ഞു.
ഡൽഹി ലജ്പത് നഗറിൽ ചണ്ഡിബസാറിൽ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാ കൈവീശി നടന്നുപോകവെ ഹരിണി, ഹരിത എന്നീ രണ്ടുപെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ഗോ ബാക്ക് വിളിക്കുകയായിരുന്നു. വെള്ളത്തുണിയിൽ ഷെയിം ഓണ്‍ യു എന്നു ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്റെ മുകളിൽനിന്ന് ഇവർ താഴേക്കു വിരിച്ചു. തുടർന്നു കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. ഇവരുമായി ബി.ജെ.പി പ്രവർത്തകർ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പ്രതിഷേധ ബാനർ ബി.ജെ.പി പ്രവർത്തകർ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് യുവതികൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.