പകല്‍ പൊലീസ് അകമ്പടിയില്‍ ബി.ജെ.പി നേതാക്കളുടെ കൊള്ള, രാത്രി പൊലീസുകാരുടെ നരനായാട്ട്; മുസഫര്‍ നഗറില്‍ നിലയ്ക്കാത്ത നിലവിളികള്‍
കൊള്ളമുതല്‍ കൊണ്ടുപോകാന്‍ ബാഗുകളുമായാണ് രാത്രിയില്‍ പൊലീസ് വീടുകള്‍ കയറിയത്, വീടുകള്‍ ഒഴിഞ്ഞുപോകാനും ആധാരം പൊലീസുകാരുടെ പേരിലേക്ക് മാറ്റാനും ആവശ്യപ്പെട്ടു
മുസഫര്‍ നഗറില്‍ വീടും കടകളും കൊള്ളടയിച്ചത് ബി.ജെ.പി നേതാക്കളുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ്. കൊള്ളമുതല്‍ കൊണ്ടുപോകാന്‍ ബാഗുകളുമായാണ് രാത്രിയില്‍ പൊലീസ് വീടുകള്‍ കയറിയത്. വീടുകള്‍ ഒഴിഞ്ഞുപോകാനും ആധാരം പൊലീസുകാരുടെ പേരിലേക്ക് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായവര്‍ നല്കിയ പരാതികള്‍ ഒന്നും സ്വീകരിച്ചുമില്ല. എന്‍.ആര്.സി നടപ്പാക്കും മുമ്പ് തന്നെ രണ്ടാം തരം പൌരന്മാരായി മാറിക്കഴിഞ്ഞുവെന്നാണ് ഇവിടത്തെ മുസ്ലിംകളുടെ പൊതുവികാരം.
നിയമരാഹിത്യത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് മുസഫര്‍ നഗറില്‍ കേള്‍ക്കാനുള്ളത്. ദേനാ ബാങ്കിനു സമീപം ആസിഫ് ഖാന്റെ മൊബൈല്‍ ഷോപ്പ് കൊള്ളയടിച്ചത് സഞ്ജീവ് ബാലിയന്റെ കുടെ എപ്പോഴുമുള്ള ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് നേരിട്ടായിരുന്നു. അദ്ദേഹം മൊബൈല്‍ ഫോണുകള്‍ എടുത്തു കൊണ്ടുപോകുന്നതിന് ആസിഫും ജ്യേഷ്ഠനും സാക്ഷികളാണ്. കടയുടെ ഷട്ടര്‍ ഈ നേതാവും ഒപ്പമുള്ള ചിലരും പൊളിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നേരത്തെ കടയടച്ച് ആസിഫ് വീട്ടിലേക്കു പോയ ആസിഫ് തിരികെയെത്തിയത്.
പകല്‍ സമയത്തുടനീളം നഗരത്തില്‍ മുസ്ലിം കടകള്‍ കൊള്ളയിടാന്‍ അക്രമികളെ കയറൂരി വിട്ട പോലിസ് രാത്രിയില്‍ മുസ്ലിം വീടുകളിലേക്ക് ബാഗുകളുമായി സ്വന്തം നിലയില്‍ കവര്‍ച്ച നടത്താനെത്തി. ഹാജി അന്‍വറിന്റെ വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഘം തൊട്ടടുത്ത ഗലിയിലെ സ്ത്രീകള്‍ മാത്രമുണ്ടായിരുന്ന വീട്ടില്‍ കയറി ആവശ്യപ്പെട്ടത് പാകിസ്ഥാനിലേക്കു പോകാനും വീട് ഒഴിഞ്ഞു കൊടുക്കാനുമായിരുന്നു.