LiveTV

Live

National

കോട്ടയിലെ കൂട്ട ശിശുമരണങ്ങള്‍; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ആരോഗ്യമന്ത്രി രഘു ശര്‍മ്മക്കായി ജെ.കെ ലോണ്‍ ആശുപത്രിയില്‍ പച്ച പരവതാനി വിരിച്ചതിനെതിരെ പ്രതിഷേധമുണ്ടായി, അതേസമയം ഈ മാസം മാത്രം മരിച്ച കുഞ്ഞുങ്ങളുടെ‌ എണ്ണം 107 ആയി

കോട്ടയിലെ കൂട്ട ശിശുമരണങ്ങള്‍; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

രാജസ്ഥാനിലെ കോട്ടയിലെ കൂട്ട ശിശു മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ആരോഗ്യമന്ത്രി രഘു ശര്‍മ്മക്കായി ജെ.കെ ലോണ്‍ ആശുപത്രിയില്‍ പച്ച പരവതാനി വിരിച്ചതിനെതിരെ പ്രതിഷേധമുണ്ടായി. സര്‍ക്കാന്‍ ആരോഗ്യമേഖലക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു. അതേസമയം ഈ മാസം മാത്രം മരിച്ച കുഞ്ഞുങ്ങളുടെ‌ എണ്ണം 107 ആയി.

നവജാത ശിശുക്കളുടെ മരണത്തിന് പിന്നാലെ അതി ശക്തമായ പ്രതിഷേധമാണ് അശോക് ഗഹ്ലോട്ട് സര്‍ക്കാരിനെതിരെ ഉയരുന്നത്. ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ഷിച്ച് അധികാരത്തിലേറിയ ഗഹ്ലോട്ട് സര്‍ക്കാറിന്‍റെ അലംഭാവമാണ് മരണ സംഖ്യ ഉയര്‍ത്തിയതെന്നാണ് ആരോപണം. ഇതിനിടെയാണ് മരണം നടന്ന ജെ.കെ ലോണ്‍ ആശുപത്രിയില്‍ ആരോഗ്യമന്ത്രി രഘുശര്‍മ്മയുടെ സന്ദര്‍ശനത്തിനായി പച്ച പരവതാനി വിരിച്ചത്. ജനം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ മന്ത്രി എത്തും മുമ്പെ പരവതാനി നീക്കി.

ആശുപത്രി പരിസരത്തെ പന്നികളെയും നീക്കിയത് ഇതേ സമയത്താണെന്ന് ജനം പറയുന്നു. ആരോഗ്യമേഖലക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ മാറ്റി വെച്ചില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോപിച്ചു. ആശുപത്രകളിലെ അടിസ്ഥാന സൌകര്യ വികസനത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഐ.എം.എ പറയുന്നു. അതേസമയം സംഭവം വിവാദമായതോടെ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്ഥലം എം.പിയും ലോക്സഭ സ്പീക്കറുമായ ഓംബിര്‍ളയും പ്രദേശം സന്ദര്‍ശിച്ചു. വിഷയം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉന്നതതല സംഘവും എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘവും ഉടെന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.