LiveTV

Live

National

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്

നിലവില്‍ എ.ബി.വി.പിക്കാര്‍ ജെ.എന്‍.യു സബര്‍മതി ഹോസ്റ്റലിനടുത്ത് തമ്പടിച്ചിരിക്കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്

ജെ.എന്‍.യുവില്‍ എ.ബി.വി.പിയുടെ അഴിഞ്ഞാട്ടം; വിദ്യാർഥി യൂണിയൻ പ്രസിഡന്റിന് ഗുരുതര പരിക്ക്

ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥികള്‍ക്ക് നേരെ എ.ബി.വി.പി ആക്രമണം. തലക്ക് പരിക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വിദ്യാർഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ടോടെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ ഗുണ്ടകളും കാമ്പസിനുള്ളിലെ എ.ബി.വി.പി പ്രവര്‍ത്തകരും ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. 50ല്‍ അധികം ആളുകള്‍ ആക്രമണ സംഘത്തിലുണ്ടായിരുന്നെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. മുഖംമൂടി ധരിച്ചാണ് അക്രമി സംഘമെത്തിയത്. ഇവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. തന്നെ സംഘം മാരകമായി ആക്രമിച്ചെന്ന് ഐഷി ഘോഷ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ഐഷി അടക്കമുള്ള വിദ്യാര്‍ഥികളെ ഡല്‍ഹി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പ്രവേശിപ്പിച്ചു.

വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകരെയും ഗുണ്ടകള്‍ തല്ലിച്ചതച്ചെന്ന് വിദ്യാര്‍ഥി യൂണിയന്റെര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്നു ട്വീറ്റ് ചെയ്തു. എ.ബി.വി.പി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും വെസ്റ്റ് ഗേറ്റിലെ ഹോസ്റ്റല്‍ ലക്ഷ്യമാക്കിയാണ് ഗുണ്ടകള്‍ നീങ്ങുന്നതെന്നും യൂണിയന്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ എ.ബി.വി.പിക്കാര്‍ ആക്രമിച്ചത് പോലീസും സെക്യൂരിറ്റി ഗാര്‍ഡുകളും നോക്കിനിന്നതായും ആരോപണമുണ്ട്. ഹോസ്റ്റല്‍ ഫീസ് വര്‍ധനയും രജിസ്‌ട്രേഷന്‍ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ത്തിനിടെയാണു യൂണിയന്‍ ഭാരവാഹികളടക്കമുള്ള വിദ്യാര്‍ഥികളെ ഇരുമ്പു വടികള്‍ കൊണ്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ഫീസ് വര്‍ദ്ധനവിനെതിരെ മാസങ്ങളായി ജെ.എന്‍.യുവില്‍ തുടരുന്ന പ്രതിഷേധത്തിനെതിരയാണ് എ.ബി.വി.പിയുടെ അക്രമം.

ജനാധിപത്യ രീതിയിലെല്ലാതെ ഫീസ് വര്‍ദ്ധിപ്പിച്ച നിലപാട് ഏകപക്ഷീയമാണെന്നും ഇത്രയും പ്രക്ഷോഭം നടന്നിട്ടും ഒരുവട്ടം പോലും വി.സി വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ തയ്യാറാവാത്തത് അഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ നേരത്തെ പറഞ്ഞിരുന്നു.