LiveTV

Live

National

ഗുജറാത്തിലെ കൂട്ട ശിശുമരണം; മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് നടന്ന് മുഖ്യമന്ത്രി

ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ഗുജറാത്തിലെ കൂട്ട ശിശുമരണം; മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് നടന്ന് മുഖ്യമന്ത്രി

ഗുജറാത്തിലെ രാജ്കോട്ടിലും അഹമ്മദാബാദിലുമായി നടന്ന കൂട്ട ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്തിലെ വിവിധ ആശുപത്രികളിലായി 134 നവജാതശിശുക്കളാണ് ഇതിനേടകം മരിച്ചത്. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ ചോദ്യം ഉയര്‍ത്തിയതോടെയാണ് മറുപടി പറയാതെ മുഖ്യമന്ത്രി മുഖംതിരിച്ച് നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ആശുപത്രി സന്ദര്‍ശിച്ച ഉന്നതതല സംഘം ഉടന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പോഷകാഹാര കുറവും ഒപ്പം മാസം തികയാതെയുള്ള പ്രസവവുമാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 85 ഉം രാജകോട്ട് സിവില്‍ ആശുപത്രിയില്‍ 111 ഉം കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ആശുപത്രികളിലും സമാനമായ ശിശുമരണങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാര വിതരണം, ഒപ്പം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പ് പൂര്‍ണ പരാജയമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അത് സ്ഥിരീകരിക്കുന്ന കണക്കുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണത്തിനും ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോട്ടയിലെ ശിശുമരണങ്ങള്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി തന്നെ ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും പുതിയ കണക്കുകള്‍ പുറത്തുവരുന്നത്. അതുകൊണ്ടു തന്നെ ഇത് വിവാദമാകാതിരിക്കാന്‍ വിഷയം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.