LiveTV

Live

National

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്തു

ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭഗവത്തും മറ്റ് മുതിർന്ന നേതാക്കളും വ്യാഴാഴ്ച മുതൽ സംഘടനയുടെ ആഭ്യന്തര സമ്മേളനത്തിനായി നഗരത്തിലുണ്ടായിരുന്നു.  

ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്തു

സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മധ്യപ്രദേശിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഉള്‍പ്പെടെ 350 ഓളം പാർട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച ഇൻഡോറില്‍ ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ചിത്രീകരിച്ച വീഡിയോയിലൂടെയാണ് വിജയവര്‍ഗിയ സര്‍ക്കാര്‍ ഊദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് പുറത്തായത്. “ഞങ്ങളുടെ സംഘ് (ആർ.‌എസ്‌.എസ്) നേതാക്കൾ ഇവിടെയുണ്ടായി പോയി, അല്ലെങ്കിൽ ഞങ്ങൾ ഇന്ന് ഇൻഡോര്‍ കത്തിച്ചേനെ” എന്നായിരുന്നു വിജയവര്‍ഗിയയുടെ ഭീഷണി.

ആർ‌.എസ്‌.എസ് മേധാവി മോഹൻ ഭഗവത്തും മറ്റ് മുതിർന്ന നേതാക്കളും വ്യാഴാഴ്ച മുതൽ സംഘടനയുടെ ആഭ്യന്തര സമ്മേളനത്തിനായി നഗരത്തിലുണ്ടായിരുന്നു. ഉദ്യോഗസ്ഥർ പക്ഷപാതം കാണിക്കുന്നുവെന്നും പാർട്ടി പ്രവർത്തകർക്കെതിരെ രാഷ്ട്രീയ പ്രേരിത നടപടിയെടുക്കുന്നുവെന്നും ആരോപിച്ച് ബി.ജെ.പി വെള്ളിയാഴ്ച ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജയവര്‍ഗിയ ഭീഷണി ഉയര്‍ത്തിയത്. തഹസിൽദാർ (റവന്യൂ ഓഫീസർ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയവർഗിയ, ഇൻഡോർ നിന്നുള്ള ബി.ജെ.പി എം.പി ശങ്കർ ലാൽവാനി എന്നിവരുൾപ്പെടെ 350 ഓളം പ്രതിഷേധക്കാർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സന്യോഗിതഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നരേന്ദ്ര സിങ് രഘുവാൻഷി പറഞ്ഞു. 143 (നിയമവിരുദ്ധമായി കൂട്ടംചേരല്‍), 153 (കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനം സൃഷ്ടിക്കല്‍), 188 (ഉത്തരവ് ലംഘിക്കല്‍), 506 (ഭീഷണിപ്പെടുത്തൽ) എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും രഘുവാൻഷി പറഞ്ഞു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാർ ബി.ജെ.പി പ്രവർത്തകരെ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചാണ് വിജയവർഗിയ വെള്ളിയാഴ്ച ജന്മനാടായ ഇൻഡോറിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ വേദിയിൽ ഈ വിഷയം ചർച്ച ചെയ്യാൻ ബി.ജെ.പി ഉന്നത ഉദ്യോസ്ഥരെയും പൊലീസ് ഓഫീസര്‍മാരെയും ക്ഷണിച്ചിരുന്നെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കാന്‍ എത്തിയില്ല. പിന്നീട്, ചില ജൂനിയർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ്, വിജയവർഗിയ അവര്‍ക്ക് നേരെ തിരിഞ്ഞത്. “അവരൊക്കെ (മുതിർന്ന ഉദ്യോഗസ്ഥർ) അത്രത്തോളം വലുതായോ? “അവർ ജനസേവകരാണെന്ന് മനസിലാക്കണം. ഞങ്ങൾ ഇതൊന്നും സഹിക്കില്ല. ഞങ്ങളുടെ സംഘ് നേതാക്കൾ ഇവിടെയുണ്ടായി പോയി. അല്ലാത്തപക്ഷം ഞങ്ങൾ ഇന്ന് ഇൻഡോറിന് തീയിടുമായിരുന്നു. ” എന്നായിരുന്നു ആക്രോശം.