LiveTV

Live

National

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവാവിന്റെ കൊലപാതകം: ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ

കൊലപാതകവുമായി ബന്ധപ്പെട്ട് നാഗേഷ് സമ്രാട്ട്, റൈസ് പാസ്വാൻ, ചൈത്തു മഹ്‌തോ, സനോജ് മഹ്‌തോ, ദീപക് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവാവിന്റെ കൊലപാതകം: ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അറസ്റ്റിൽ

പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പ് അംഗങ്ങളടക്കം ആറുപേർ അറസ്റ്റിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആർ.ജെ.ഡി ബിഹാർ ബന്ദ് ആചരിച്ച ഡിസംബർ 21-ന് കാണാതാവുകയും പിന്നീട് മൃതദേഹം കാണപ്പെടുകയും ചെയ്ത ആമിർ ഹൻസല എന്ന 18-കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പട്‌ന പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് കൊലനടത്തിയതെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ 21-ന് ആർ.ജെ.ഡി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ആമിർ ഹൻസലയെ അന്നേദിവസം മുതൽ കാണാതായിരുന്നു. ഡിസംബർ 31-ന് രാവിലെ പുൽവാരി ഷരീഫ് ബ്ലോക്ക് ഓഫീസിന്റെ വാർട്ടർ ടാങ്കിനു സമീപം മതൃദേഹം കണ്ടെത്തി. മൂർച്ചയേറിയ ആയുധമുപയോഗിച്ച് വയറ്റിൽ രണ്ടുവതണ കുത്തുകയും തലയിൽ ഭാരമേറിയ വസ്തുകൊണ്ട് അടിക്കുകയും ചെയ്തതാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നാഗേഷ് സമ്രാട്ട്, റൈസ് പാസ്വാൻ, ചൈത്തു മഹ്‌തോ, സനോജ് മഹ്‌തോ, ദീപക് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ നാഗേഷ് സമ്രാട്ട് ഹിന്ദുപുത്ര സംഘാടൻ എന്ന സംഘടനയുടെയും മറ്റുള്ളവർ ഹിന്ദു സമാജ് പാർട്ടിയുടെയും അനുയായികളാണ്.

ഡിസംബർ 21-ന് പുൽവാരി ശരീഫിൽ ഹിന്ദുത്വ സംഘടനകൾ വ്യാപകമായി അക്രമമഴിച്ചുവിട്ടിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരെ ലക്ഷ്യമിട്ട് നടത്തിയ അക്രമങ്ങളിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇതിനിടെയാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു.

ആമിർ ഹൻസലയുടെ കൊലപാതകികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെ വധശിക്ഷക്ക് വിധേയരാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഹിന്ദു-മുസ്ലിം സംഘട്ടനത്തിലല്ല തന്റെ മകൻ കൊല്ലപ്പെട്ടതെന്നും ആമിറിന്റെ മരണത്തിൽ പ്രദേശത്തെ ഹിന്ദുക്കൾ ദുഃഖിതരായിരുന്നുവെന്നും പിതാവ് സുഹൈൽ അഹ്മദ് പറഞ്ഞു.