LiveTV

Live

National

‘എന്നെയും തടഞ്ഞുവെച്ചിരിക്കുകയാണ്, എവിടെയും പോകാന്‍ അനുവദിക്കുന്നില്ല’: മെഹ്ബൂബയുടെ മകള്‍ ഇല്‍തിജ

തന്‍റെ മുത്തച്ഛനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ അനുമതി തേടിയ തന്നെ ശ്രീനഗര്‍ പൊലീസ് തടഞ്ഞെന്ന് ഇല്‍തിജ

‘എന്നെയും തടഞ്ഞുവെച്ചിരിക്കുകയാണ്, എവിടെയും പോകാന്‍ അനുവദിക്കുന്നില്ല’: മെഹ്ബൂബയുടെ മകള്‍ ഇല്‍തിജ

തന്നെയും പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും എവിടെയും പോകാന്‍ അനുവദിക്കുന്നില്ലെന്നും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. തന്‍റെ മുത്തച്ഛനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ അനുമതി തേടിയ തന്നെ ശ്രീനഗര്‍ പൊലീസ് തടഞ്ഞെന്ന് ഇല്‍തിജ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

"ജനുവരി 7ന് മുത്തച്ഛന്‍റെ നാലാം ചരമ വാര്‍ഷികത്തിന് ശവകുടീരം സന്ദര്‍ശിക്കാനാണ് ഞാന്‍ അനുമതി തേടിയത്. അനുവാദം ചോദിക്കാന്‍ എന്‍റെ സുരക്ഷാ ജീവനക്കാരനെയും ഡ്രൈവറെയും വിട്ടു. എന്നാല്‍ അനുമതി നല്‍കിയില്ല. എനിക്ക് എവിടെയും പോകാന്‍ അനുവാദമില്ല. മുത്തച്ഛന്‍റെ ശവകുടീരം കൊച്ചുമകള്‍ സന്ദര്‍ശിക്കുന്നത് കുറ്റമാണോ? ഞാനവിടെ പ്രതിഷേധിക്കാനോ കല്ലെറിയാനോ ആണ് പോകുന്നതെന്നാണോ അവരുടെ ധാരണ?"- ഇല്‍തിജ ചോദിക്കുന്നു. പൊലീസിനും സര്‍ക്കാരിനും താഴ്‍വരയില്‍ സമാധാനമുണ്ടാകണം എന്നില്ലെന്ന് ഇല്‍തിജ വിമര്‍ശിച്ചു.

എന്നാല്‍ ഇല്‍തിജ വീട്ടുതടങ്കലില്‍ അല്ലെന്നാണ് എ.ഡി.ജി.പി മുനിര്‍ ഖാന്‍ പറയുന്നത്. എസ്.എസ്.ജി സംരക്ഷണമുള്ള ഇല്‍തിജയ്ക്ക് എവിടെ പോവണമെങ്കിലും പൊലീസ് ക്ലിയറന്‍സ് വേണം. അനന്തനാഗ് ജില്ലാ ഭരണകൂടം ഇല്‍തിജയ്ക്ക് മുത്തച്ഛന്‍റെ ശവകുടീരം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയില്ലെന്നും മുനിര്‍ ഖാന്‍ പറഞ്ഞു.

അതിനിടെ, ഗുപ്കര്‍ റോഡിലുള്ള മെഹ്ബൂബ മുഫ്തിയുടെ ഫെയര്‍വ്യൂ എന്ന വസതിയില്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇവിടെ പ്രവേശനമില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വീട്ടുകാര്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലാണ്.