‘’അവര്‍ ഞങ്ങളുടെ മുഖം നോക്കി തീരുമാനിച്ചു, ഞങ്ങള്‍ നേപ്പാളികളാണെന്ന്, പാസ്പോര്‍ട്ട് നിഷേധിച്ചു...’’
പിന്നെ ഞങ്ങളോട് പൗരത്വം തെളിയിക്കാൻ അവർ ആവശ്യപ്പെട്ടു
പൗരത്വനിയമത്തിന് എതിരെ പ്രതിഷേധം നടത്തുന്നവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഇപ്പോഴിതാ മുഖച്ഛായ നോക്കി ഇന്ത്യക്കാരാണോ അല്ലയോയെന്ന് തീരുമാനിക്കുകയാണ് ഛണ്ഡീഗഡിലെ പാസ്പോര്‍ട്ട് ഓഫീസിലുള്ള ചില ഉദ്യോഗസ്ഥര്‍. ഛണ്ഡീഗഡിലെ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് ഹെന്ന എന്ന പെണ്‍കുട്ടി.
മുഖം കണ്ടാല്‍ നേപ്പാളികളാണെന്ന് തോന്നുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെന്നയ്ക്കും സഹോദരിക്കും ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് നിഷേധിച്ചത്. "ഞങ്ങൾ ചണ്ഡീഗഡിലെ പാസ്പോർട്ട് ഓഫീസില്‍ പോയിരുന്നു. അവർ ഞങ്ങളുടെ മുഖം കണ്ട് ഞങ്ങൾ നേപ്പാളികളാണെന്ന് വിധിയെഴുതി. പിന്നെ ഞങ്ങളോട് പൗരത്വം തെളിയിക്കാൻ അവർ ആവശ്യപ്പെട്ടു," പെണ്‍കുട്ടി പറഞ്ഞു. ഭഗത് ബഹദൂർ എന്നയാളാണ് തന്റെ പെൺമക്കളായ സന്തോഷ്, ഹെന്ന എന്നിവരോടൊപ്പം പാസ്പോർട്ടിനായി ചണ്ഡീഗഡ് ഓഫീസിലെത്തിയത്. പെണ്‍കുട്ടികളുടെ മുഖച്ഛായ കണ്ട് അവര്‍ക്ക് പാസ്പോർട്ട് നിഷേധിക്കുകയും അവരുടെ രേഖകളിൽ 'അപേക്ഷകര്‍ നേപ്പാളിയാണെന്ന് തോന്നുന്നു' എന്ന് രേഖപ്പെടുത്തുകയും ചെയ്തു.
സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടയുടനെ താന്‍ ഇതില്‍ ഇടപെട്ടതായും തുടര്‍ന്ന് രണ്ട് സഹോദരിമാരെയും പാസ്പോർട്ട് ഓഫീസ് നിന്ന് വിളിച്ചിട്ടുണ്ടെന്നും അവരുടെ പാസ്പോർട്ട് വളരെ വേഗം അവര്‍ക്ക് ലഭിക്കുമെന്നും അംബാല ഡെപ്യൂട്ടി കമ്മീഷണർ അശോക് ശർമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം മന്ത്രി അനിൽ വിജിനെ അറിയിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.