കോലം വരച്ച് പ്രതിഷേധിച്ചവരുടെ ‘പാക് ബന്ധം’ അന്വേഷിക്കാന്‍ പൊലീസ്
ആ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗമാണെന്ന് ഇവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടില്‍ പരാമർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം.

പൗരത്വ ഭേദഗതി പ്രക്ഷോഭത്തിന്റെ ഭാഗമായി കോലം വരച്ച് പ്രതിഷേധിച്ചവരുടെ പാകിസ്താന് ബന്ധം അന്വേഷിക്കുകയാണ് ചെന്നൈ പൊലീസ്. സി.എ.എ വിരുദ്ധ കോലം പ്രക്ഷോഭത്തിന് കേസെടുത്ത വനിതാ സന്നദ്ധ പ്രവർത്തകയുടെ പാകിസ്ഥാൻ ബന്ധത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ആ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗമാണെന്ന് ഇവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടില്‍ പരാമർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം.
പാകിസ്താൻ ആസ്ഥാനമായുള്ള അസോസിയേഷൻ ഓഫ് ഓൾ പാകിസ്താൻ സിറ്റിസൺ ജേണലിസ്റ്റുകളുടെ (എ.എ.പി.സി.ജെ) ഭാഗമായ ബൈറ്റ്സ് ഫോർ ഓൾ (ബി 4 എ) യുടെ ഗവേഷകയാണ് കേസെടുത്തിട്ടുള്ളവരില് ഒരാളായ ഗായത്രി കന്ദദായിയെന്നും ഇക്കാര്യം ഫേസ്ബുക്ക് പ്രൊഫൈലിലുണ്ടെന്നും എ.കെ വിശ്വനാഥൻ പറഞ്ഞു. ഡിസംബർ 29 ന് ഒരു വിവാഹ വേദിയില്‍ നിന്നാണ് ഗായത്രിയെ പൊലീസ് അറസ്റ്റു ചെയ്തത്. തമിഴ്നാട്ടില്‍ കോലം വരച്ച് നൂതന പ്രതിഷേധം ഉയര്‍ത്തിയവരില്‍ തുടക്കക്കാരിയായിരുന്നു ഗായത്രി. പിന്നീട് അവരെ വിട്ടയച്ചിരുന്നു. ഇവര്‍ക്ക് പാകിസ്താനുമായുള്ള ബന്ധം തങ്ങൾ അന്വേഷിക്കുമെന്ന് കമ്മീഷണർ പറഞ്ഞു.
പാകിസ്താൻ ബൈറ്റ്സ് ഫോർ ഓൾ (ബി 4 എ) യുടെ വെബ്സൈറ്റില്‍, ഇത് ഒരു മനുഷ്യാവകാശ സംഘടനയാണെന്നും വിവര, ആശയവിനിമയ സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ചുള്ള ഒരു ഗവേഷണ സംഘമാണെന്നും പറയുന്നു. പ്രസക്ത വിഷയങ്ങളില്‍ ചർച്ചകൾ സംഘടിപ്പിക്കുകയും, കണ്ടെത്തലുകൾ അവതരിപ്പിക്കുകയും, അഭിപ്രായ ശേഖരണം നടത്തുകയും ചെയ്യാറുണ്ട്. കേസെടുത്ത എട്ട് പേര്‍ക്കും സി.എ.എയ്ക്കും എൻ.ആർ.സിക്കുമെതിരെ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും വിശ്വനാഥൻ പറഞ്ഞു. "ഒരു പ്രശ്നം സൃഷ്ടിക്കപ്പെടുന്നതുവരെ പൊലീസ് ഇടപെടാറില്ല. വീടുടമയുടെ എതിര്‍പ്പ് വകവെക്കാതെയാണ് ഇവര്‍ കോലം വരച്ചത്," വിശ്വനാഥന് പറഞ്ഞു, പ്രതിഷേധക്കാരെ അറസ്റ്റുചെയ്തതിൽ പ്രകോപിതരായ ഡി.എം.കെ നേതാക്കളും പാർട്ടി അംഗങ്ങളും സമാനമായ കോലങ്ങൾ വീടുകൾക്ക് മുന്നിൽ വരച്ച് പ്രതിഷേധിച്ചിരുന്നു. ഇതോടെ, തമിഴ്നാട്ടിൽ കോലം വരച്ചുള്ള പ്രതിഷേധം പടരുകയും ചെയ്തു.