LiveTV

Live

National

രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കും; ആദ്യ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ശേഷം ബിപിന്‍ റാവത്ത്

മറ്റ് രാജ്യങ്ങളിലെ സൈനിക വ്യവസ്ഥകളെ അനുകരിക്കുകയല്ല ലക്ഷ്യമെന്ന് ജനറല്‍ ബിപിന്‍ റാവത്ത്

 രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കും; ആദ്യ സംയുക്ത സേനാ മേധാവിയായി  ചുമതലയേറ്റ ശേഷം ബിപിന്‍ റാവത്ത്

ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു. കരസേന മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബിപിന്‍ റാവത്തിനെ കേന്ദ്രസര്‍ക്കാര്‍ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്. സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ദേശീയ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ചാണ് ബിപിന്‍ റാവത്ത് അധികാരമേല്‍ക്കാന്‍ എത്തിയത്. ചുമതല ഏറ്റെടുക്കാനെത്തിയ സംയുക്ത സേനാ മേധാവിക്ക് ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്‍കി സ്വീകരിച്ചു. രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുമെന്നും സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. മൂന്ന് സേനകളെയും ഏകോപിച്ചാകും പ്രവര്‍ത്തനമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. കരസേന മേധാവിയായി വിരമിക്കുന്നതിന് മുന്‍പ് പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വിമര്‍ശിച്ച ബിപിന്‍ റാവത്തിന്‍റെ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

പുതിയതായി ചുമതലയേറ്റ കരസേന മേധാവി മനോജ് മുകുന്ദ് നരവാണെ, വ്യോമസേന മേധാവി രാകേഷ് കുമാര്‍ സിങ് ബദൂരിയ, നാവികസേന മേധാവി കരംബീര്‍ സിങ് എന്നിവരും ബിപിന്‍ റാവത്ത് ചുമതലയേല്‍ക്കുമ്പോള്‍ സന്നിഹിതരായിരുന്നു. സംയുക്ത സേനാ മേധാവിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുമെന്ന് കരസേനാ മേധാവി മനോജ് മുകുന്ദ് നരവാണെ ദേശീയ യുദ്ധ സ്മാരക സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചു.