LiveTV

Live

National

മോദിയെയും ഷായേയും അവസാനിപ്പിക്കാന്‍ ആഹ്വാനം; നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി

എസ്.ഡി.പി.ഐ തിരുനെൽവേലിയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാവ് ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി

മോദിയെയും ഷായേയും അവസാനിപ്പിക്കാന്‍ ആഹ്വാനം; നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി

മുതിർന്ന കോൺഗ്രസ് നേതാവ് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ‌രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെതിരെ ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്. പൗരത്വ നിയമം പാസാക്കിയതിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്‌ക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കണ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.

എസ്.ഡി.പി.ഐ ഞായറാഴ്ച തിരുനെൽവേലിയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രധാനമന്ത്രി മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാവ് ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി. ''പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ആരും അത് ചെയ്യുന്നില്ല, ” എന്നായിരുന്നു കണ്ണന്‍ യോഗത്തിൽ പറഞ്ഞത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ കയ്യിലാണ് പ്രധാനമന്ത്രിയുടെ കടിഞ്ഞാണെന്നും കണ്ണന്‍ പറഞ്ഞു.

വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ തമിഴ്‌നാട് പൊലീസിനോട് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അവസാനിപ്പിക്കാൻ കോൺഗ്രസ് നേതാവായ നെല്ലൈ കണ്ണൻ മുസ്‌ലിംകളെ പ്രേരിപ്പിച്ചുവെന്നാണ് ബി.ജെ.പിയുടെ വാദം. ഐ.പി.സി സെക്ഷൻ 504, 505, 505 (2) പ്രകാരമാണ് തമിഴ്‌നാട് പൊലീസ് കണ്ണനെതിരെ കേസെടുത്തത്.