‘കഴ്സണ് പ്രഭുവിന്റെ മേശ’ പരാമര്‍ശം പുലിവാലായി; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം
ബംഗാള്‍ വിഭജനത്തെ ഗവര്‍ണര്‍ മഹത്വവല്ക്കരിച്ചെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം.

ബംഗാള്‍ വിഭജനത്തിന് ഉത്തരവിട്ട കഴ്സണ് പ്രഭുവിന്റെ മേശയെ ചരിത്രബിംബമെന്ന് വിശേഷിപ്പിച്ച് പുലിവാല് പിടിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍. പുതുവത്സരത്തിന് മുന്നോടിയായി ട്വീറ്റിലായിരുന്നു പരാമര്‍ശം. വിമര്‍ശനമുയര്‍ന്നതോടെ ട്വീറ്റ് നീക്കംചെയ്തു.
"പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്കായുള്ള പുതുവത്സര സന്ദേശം റെക്കോഡ് ചെയ്യാനായി രാജ്ഭവന് ലൈബ്രറിയിലാണ്. കഴ്സണ് പ്രഭു 1905ലെ ബംഗാള്‍ വിഭജന ഉത്തരവില്‍ ഒപ്പിട്ട, ചരിത്രബിംബമായ മേശയ്ക്ക് മുന്നിലാണ് ഇരിക്കുന്നത്", എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. വൈകാതെ തന്നെ വിമര്‍ശനമുയര്‍ന്നു.

ബംഗാള്‍ വിഭജനത്തെ ഗവര്‍ണര്‍ മഹത്വവല്ക്കരിച്ചെന്നാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം. ബംഗാളികളുടെ വികാരം മാനിക്കാതെയുള്ള പരാമര്‍ശമാണ് ഗവര്‍ണര്‍ നടത്തിയതെന്നും വിമര്‍ശനമുയര്‍ന്നു. ഗവര്‍ണറുടെ ട്വീറ്റ് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുബ്രത മുഖര്‍ജിയുടെ പ്രതികരണം. ബംഗാളികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ് ബംഗാള്‍ വിഭജനമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര ബിംബമെന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് എഴുത്തുകാരനായ സിര്ശേന്തു മുഖോപാധ്യായ പ്രതികരിച്ചു. ശരിയായ സന്ദര്‍ഭത്തില്‍ അല്ല ഗവര്‍ണര്‍ ആ വാക്ക് ഉപയോഗിച്ചതെന്ന് എഴുത്തുകാരനായ പ്രഫുല്ല റോയും പറഞ്ഞു.