LiveTV

Live

National

ഈ രാജ്യത്തിന് വേണ്ടി നിങ്ങള്‍ എന്‍.ഡി.എ വിടൂ, ഞങ്ങള്‍ പിന്തുണക്കാം; നിതീഷ് കുമാറിനോട് ഉവൈസി

സി‌.എ‌.എ, എൻ‌.പി‌.ആർ, എൻ.‌ആർ‌.സി എന്നിവ ബീഹാർ നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ പ്രഖ്യാപിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം വ്യക്തമാക്കണമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.   

ഈ രാജ്യത്തിന് വേണ്ടി നിങ്ങള്‍ എന്‍.ഡി.എ വിടൂ, ഞങ്ങള്‍ പിന്തുണക്കാം; നിതീഷ് കുമാറിനോട് ഉവൈസി

ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.‌ഡി.‌എയിൽ നിന്ന് പുറത്തുവരാന്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ട് എ‌.ഐ‌.എം.ഐ‌.എം മേധാവി അസദുദ്ദീൻ ഉവൈസി. എന്‍.ഡി.എയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ നിതീഷ് കുമാറിന് നല്‍കാമെന്നും ഉവൈസി വാഗ്ദാനം ചെയ്തു. കിഷൻഗഞ്ചിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് നിതീഷിനെ ഉവൈസി വിമർശിക്കുകയും ചെയ്തു. ബീഹാറിലെ ജനങ്ങൾ ഈ ‘കരിനിയമത്തിന്’ അനുകൂലമല്ലെന്ന് കേന്ദ്രത്തോട് പറയാൻ നിതീഷ് കുമാറിന് ധൈര്യമുണ്ടാകണമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

''നരേന്ദ്ര മോദിയും നിതീഷ് കുമാറും ഒരുപോലെയല്ല. നിതീഷ് കുമാർ അവരെ ഉപേക്ഷിക്കണം... ബി.ജെ.പിയുമായി ബന്ധം ഒഴിവാക്കണം. ഞങ്ങൾ എല്ലാവരും നിങ്ങൾക്ക് പിന്തുണ നൽകും. നിങ്ങൾക്ക് ബീഹാറിൽ നല്ലൊരു പ്രതിച്ഛായയുണ്ട്. രാജ്യത്തിനു വേണ്ടിയെങ്കിലും ബി.ജെ.പിയെ ഉപേക്ഷിക്കുക, ”ഉവൈസി പറഞ്ഞു. സി‌.എ‌.എ, എൻ‌.പി‌.ആർ, എൻ.‌ആർ‌.സി എന്നിവ ബിഹാർ നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ പ്രഖ്യാപിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം വ്യക്തമാക്കണമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ‘’പക്ഷേ, അദ്ദേഹത്തിന് അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം. പാർലമെന്റിൽ ബിൽ പാസാക്കുമ്പോൾ അദ്ദേഹം മൗനം പാലിച്ചു. ഇനിയിപ്പോള്‍ അദ്ദേഹത്തിന് എന്ത് പറയാനാണ് കഴിയുകയെന്നും ഉവൈസി ചോദിച്ചു. ഇന്ത്യൻ ഭരണഘടന വച്ച് കളിച്ചതിന് രാജ്യം നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല. ഭരണഘടന അവഹേളിക്കപ്പെടുമ്പോള്‍, നിതീഷ് കുമാർ അത് നിശബ്ദനായി നോക്കിനില്‍ക്കുകയാണെന്നും ഉവൈസി പറഞ്ഞു.