LiveTV

Live

National

പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താനെന്ന പേരില്‍ യുപിയില്‍ പൊലീസ് നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്; മുസഫര്‍ നഗറില്‍ പള്ളി അടിച്ചുതകര്‍ത്തു

അര്‍ധരാത്രിയോടെ മുഖം മറച്ചെത്തിയ പൊലീസ് സംഘം കാലാപാറിലെ മസ്ജിദ് അബ്ദുല്‍ കരീം അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു

 പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താനെന്ന പേരില്‍ യുപിയില്‍ പൊലീസ് നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന്; മുസഫര്‍ നഗറില്‍ പള്ളി അടിച്ചുതകര്‍ത്തു

പൌരത്വ നിയമ ഭേദഗതിക്കെതിരായ സമരം അടിച്ചമര്‍ത്താനെന്ന പേരില്‍ ഉത്തര്‍ പ്രദേശില്‍ പൊലീസ് നടത്തിയത് വലിയ അതിക്രമം. സമരങ്ങള്‍ നടക്കാത്ത സ്ഥലങ്ങളില്‍ പോലും പൊലീസ് അഴിഞ്ഞാടി. മുസഫര്‍ നഗറില്‍ പൊലീസ് ശ്രമിച്ചത് വര്‍ഗീയ കലാപം സൃഷ്ടിക്കാനാണെന്ന് ആരോപണമുണ്ട്. പൊലീസ് കാലാപാറിലെ മസ്ജിദ് അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

നഗരത്തില്‍ ഉച്ച മുതല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അരങ്ങേറിയ കൊള്ളയും കൊള്ളിവെപ്പും പിന്നീട് അര്‍ധരാത്രിയില്‍ പോലിസ് തന്നെ ഏറ്റെടുക്കകുകയായിരുന്നു. മുസ്‌ലിം ഗലികള്‍ക്കകത്ത് കടന്ന് സാമ്പത്തികമായി ശേഷിയുള്ളവരുടെ വീടുകള്‍ തെരഞ്ഞെടുപിടിച്ച് കൊള്ളയിടുകയാണ് പൊലീസ് സംഘം ചെയ്തത്. ഞെട്ടിക്കുന്ന കാഴ്ചകളാണ് മുസഫര്‍ നഗറില്‍ നിന്നും മീഡിയവണ്‍ സംഘം പകര്‍ത്തിയത്. അബ്ദുല്‍ കരീം മസ്ജിദിന് സമീപത്തെ എല്ലാ സി.സി ടിവികളും അടിച്ചു തകര്‍ക്കാന്‍ പൊലീസ് മുന്‍കരുതല്‍ എടുത്തെങ്കിലും അതിലൊന്നില്‍ പൊലീസിന്റെ വര്‍ഗീയവിരോധം വ്യക്തമായി റെക്കോഡ് ചെയ്തിരുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട ഒരു സമരവും കാലാപാറില്‍ നടന്നിരുന്നില്ല.

നഗരത്തില്‍ മീനാക്ഷി ചൗക്കിലെ മസ്ജിദിനകത്തേക്ക് വിറകുകളും കത്തിയ ടയറുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഭാഗ്യവശാല്‍ പള്ളിക്കകത്തേക്ക് തീ പടര്‍ന്നില്ല. മീനാക്ഷി ചൗക്കില്‍ നിരവധി കടകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചതും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു.

ഫെബ്രുവരി 4ന് വിവാഹം നിശ്ചയിച്ചിരുന്ന മുബാഷിറയുടെ വീട്ടിലേക്ക് രാത്രി 11മണിയോടെയാണ് പൊലീസ് എത്തിയത്. വിവാഹത്തിന് ഒരുക്കിവച്ചിരുന്ന സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. അടിച്ചുതകര്‍ക്കുന്നതിനായി ക്രിക്കറ്റ് ബാറ്റ് വരെ പൊലീസ് കൊണ്ടുവന്നത് ദൃശ്യങ്ങളിലുണ്ട്.