LiveTV

Live

National

"യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ല"; യോഗിയേയും യു.പി. പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്ന് പ്രിയങ്ക പരിഹസിച്ചു

"യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ല"; യോഗിയേയും യു.പി. പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യു.പി. പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രതികാരമാണ് യു.പി പോലീസിന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന യോഗിക്ക് സന്യാസികളുടെ വേഷം ചേരില്ലെന്ന് പ്രിയങ്ക പരിഹസിച്ചു. നിയമപരമല്ലാത്തതും അരാജകത്വത്തിലേക്ക് നയിക്കുന്നതുമായ നിരവധി നടപടികളാണ് യു.പിയില്‍ സംസ്ഥാന സര്‍ക്കാരും പോലീസും സ്വീകരിച്ചു വരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് തന്റെ സര്‍ക്കാര്‍ പ്രതികാരം ചെയ്യുമെന്ന ആദിത്യനാഥിന്റെ പ്രസ്താവനയെ സൂചിപ്പിച്ചാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.

എന്റെ സുരക്ഷ വലിയ കാര്യമല്ല. സുരക്ഷ ആവശ്യവുമില്ല. നാം സംസാരിക്കുന്നത് സാധാരണക്കാരന്റെ സുരക്ഷയെ കുറിച്ചാണ്. പൗരന്മാരുടെ സുരക്ഷയെ കുറിച്ചാണ്. 5,500 ഓളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നിരവധിപേരെ ജയിലില്‍ അടച്ചു. അവരെ മര്‍ദ്ദിച്ചു. പോലീസും ഭരണകൂടവും അധാര്‍മ്മിക പ്രവര്‍ത്തികള്‍ തുടരുകയാണ്- പ്രിയങ്ക ആരോപിച്ചു.

അതേസമയം തനിക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന് പരാതി നല്‍കി. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കു പോകുന്നതിനിടെയാണ് പ്രിയങ്കയെ പോലീസ് തടഞ്ഞത്.