LiveTV

Live

National

‘വരൂ, ഈ വര്‍ഷത്തെ മികച്ച ഡയലോഗ് തെരഞ്ഞെടുക്കൂ..!’

ഒരു മണിക്കൂറാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.

‘വരൂ, ഈ വര്‍ഷത്തെ മികച്ച ഡയലോഗ് തെരഞ്ഞെടുക്കൂ..!’

പുതുവർഷാഘോഷങ്ങൾ ആരംഭിക്കാനിരിക്കെ, പോയ വർഷം കേന്ദ്രസർക്കാറില്‍ നിന്നുണ്ടായ പാളിച്ചകളെ ട്രോളി ‘ബി.ജെ.പി ജുംല അവാർഡ്’ പ്രഖ്യാപിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി പോയ വർഷം ബി.ജെ.പി സർക്കാർ നടത്തിയ മികച്ച മൂന്ന് ഡയലോഗുകൾ പുറത്തിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ഒരു മണിക്കൂറാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പ്രകാശ് ജവദേക്കർ എന്നിവർ പല സമയങ്ങളിലായി പറഞ്ഞ പരാമർശങ്ങളാണ് വോട്ടെടുപ്പോടെ ട്രോൾ രൂപത്തിൽ കോൺഗ്രസ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ മോദിയുടെ ‘ക്ലൗഡ് കവർ’ തിയറി, വിലകയറ്റത്തെ പ്രതിരോധിച്ച് കൊണ്ടുള്ള നിർമല സീതാരാമന്റെ ഉള്ളി പരാമർശം, പ്രകാശ് ജാവദേക്കറിന്റെ വായു മലിനീകരണത്തെ കുറിച്ചുള്ള വാദവുമാണ് കോൺഗ്രസ് ട്വിറ്ററിൽ വോട്ടിനിട്ടത്.

വിഖ്യാതമായ മോദിയുടെ മേഘ കവച സിദ്ധാന്തം കൂടുതൽ വോട്ടോടെ ഒന്നാമതെത്തിയതായി പാർട്ടി ട്വിറ്ററിൽ കുറിച്ചു. പൊതുതെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ ക്ലൗഡ് കവർ തിയറി രാജ്യം കേട്ടത്. പാകിസ്താനെതിരായ എയർസ്ട്രെെക്കിന് രാജ്യം ഒരുങ്ങുന്നതിനിടെ ശക്തമായ മഴയുണ്ടായെന്നും, ഓപ്പറേഷൻ വിജയിക്കുമോ എന്ന ആശങ്കയുണ്ടാവുകയും ചെയ്ത നേരം, ആകാശത്ത് മേഘങ്ങളുണ്ടാവുന്നത് നല്ല അവസരമാണെന്ന് താൻ സേനാ മേധാവികളെ ഉണർത്തിയെന്നാണ് മോദി പറഞ്ഞത്.

ശക്തമായ മഴയും മേഘവും പാകിസ്താൻ റഡാറുകളിൽ നിന്നും വിമാനങ്ങൾക്ക് മാറി നിൽക്കാൻ സഹായകമായിരിക്കുമെന്നും ഇത് ഉപയോഗപ്പെടുത്തണമെന്ന് താൻ പറഞ്ഞിരുന്നതായും മോദി അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ വ്യാപകമായ ട്രോളുകളാണ് ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ വന്നത്.

അനിയന്ത്രിതമായ ഉള്ളിവില വർധനയെ കുറിച്ച് ധനകാര്യ മന്ത്രി നിർമല സീതാരാമൻ നൽകിയ മറുപടിയും രാജ്യം ചർച്ച ചെയ്തു. താൻ ധാരാളമായി ഉള്ളി കഴിക്കാറില്ലെന്നും, ധാരാളമായി ഉള്ളി കഴിക്കാത്ത വീട്ടിൽ നിന്നാണ് താൻ വരുന്നതെന്നുമാണ് ലോക്സഭയിൽ നടന്ന ചർച്ചയിൽ മന്ത്രി പറഞ്ഞത്. വലിയ പ്രതിഷേധമാണ് ഇതുണ്ടാക്കിയത്. വിപണിയിൽ ഉള്ളി വില നൂറ്റമ്പത് രൂപയും കടന്ന് ഗുരുതര പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണമുണ്ടായത്.

വായു മലിനീകരണവും ജനങ്ങളുടെ ആരോഗ്യവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ പരാമർശമാണ് വോട്ടെടുപ്പിൽ മൂന്നാമതുള്ളത്. ഇന്ത്യയിലെ കുറഞ്ഞ ആയുർദെെർഘ്യവും മലിനീകരണവും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി ഇന്ത്യയിൽ നടന്ന ഒരു പഠനവും തെളിയിച്ചിട്ടില്ലന്നാണ് മന്ത്രി പാർലമെന്റിൽ പറഞ്ഞത്. രാജ്യ തലസ്ഥാനത്തെ ഭീകകരമാം വിധം വർധിച്ച വായു മലിനീകരണം ലോകശ്രദ്ധ നേടിയിരുന്നു. വായു മലിനീകരണം ജനങ്ങളുടെ ആയുർദെെർഘ്യത്തെ ബാധിക്കുന്നുവെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു പരിസ്ഥിതി മന്ത്രിയുടെ വിചിത്രവാദം.

ഏതായാലും കോൺഗ്രസിന്റെ ഡയലോഗ് പോളിങ് പുരോഗമിക്കുകയാണ്. മികച്ച പ്രതികരണമാണ് വോട്ടെടുപ്പിന് ലഭിക്കുന്നത്. മറ്റിനങ്ങളിലുള്ള വോട്ടെടുപ്പും പുരോഗമിക്കുകയാണ്.