LiveTV

Live

National

അലിഗഡ് സര്‍വ്വകലാശാലയിലെ 10,000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പൌരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്

അലിഗഡ് സര്‍വ്വകലാശാലയിലെ 10,000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയിലെ 10,000 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. പൌരത്വ നിയമ ഭേദഗതിക്കെതിരെ ഡിസംബര്‍ 15ന് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് കേസ്.

പൊലീസ് മര്‍ദ്ദനം നേരിട്ട ജാമി മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മെഴുകുതിരികള്‍ തെളിയിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ഥികളുടെ മാര്‍ച്ച്.

പങ്കെടുത്തവരിൽ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്തുനിന്നും പഠിക്കാനെത്തിയ വിദ്യാർത്ഥികളായിരുന്നു. 188, 341 വകുപ്പുകൾ പ്രകാരമാണ് എല്ലാവർക്കുമെതിരെ കേസെടുത്തത്. വിദ്യാർത്ഥികൾ ഒരു മണിക്കൂറോളം സമഗ്ര തടസ്സം സൃഷ്ടിച്ചതായും യൂണിവേഴ്‌സിറ്റി കാമ്പസിൽ നിന്ന് പുറത്തുപോയില്ലെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.

കാമ്പസിനുള്ളിൽ പോലും സമാധാനപരമായി പ്രതിഷേധിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നാണോ ഇതിനർഥമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥി ചോദിച്ചു.

അതേസമയം മീററ്റില്‍ പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത് വിവാദമായി. വിഷയം ചര്‍ച്ചയായതോടെ പോലീസ് ഉദ്യോസ്ഥന്‍റെ വര്‍ഗീയ പരാമര്‍ശത്തെ ന്യായീകരിച്ച് പോലീസ് രംഗത്തെത്തി. സാഹചര്യം നല്ലതായിരുന്നുവെങ്കില്‍ പോലീസ് ഉപയോഗിക്കുന്ന വാക്കുകളും മെച്ചപ്പെടുമായിരുന്നുവെന്ന് മീററ്റ് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും പോലീസ് ആരോപിച്ചു. എന്നാല്‍ ഭരണഘടന സംവിധാനങ്ങളെ ബിജെപി വര്‍ഗിയവല്‍ക്കരിച്ചുവെന്നും പ്രതിജ്ഞ എടുത്ത ഭരണഘടനയോട് ഉദ്യോഗസ്ഥര്‍ക്ക് ബഹുമാനമില്ലാതായെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി വിമര്‍ശിച്ചു.