LiveTV

Live

National

ഉത്തര്‍പ്രദേശില്‍ വംശഹത്യക്കുള്ള മുന്നൊരുക്കം; പോലിസിന്റെ ഞെട്ടിക്കുന്ന ക്രൂരതകളുമായി വസ്തുതാന്വേഷണ സംഘം

3500 ലേറെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയ ചരിത്രമുള്ള യു.പി പോലിസ്

ഉത്തര്‍പ്രദേശില്‍ വംശഹത്യക്കുള്ള മുന്നൊരുക്കം;  പോലിസിന്റെ ഞെട്ടിക്കുന്ന ക്രൂരതകളുമായി വസ്തുതാന്വേഷണ സംഘം

നിയമവിരുദ്ധവും ക്രൂരവുമായ നടപടികളിലൂടെയാണ് ഉത്തര്‍ പ്രദേശ് പോലിസ് മുസ്‌ലിംകളെ നേരിടുന്നതെന്ന് വസ്തുതാന്വേഷണ സംഘം. 1984ല്‍ ഡല്‍ഹിയും 2002ല്‍ ഗുജറാത്തും കണ്ട വംശഹത്യയാണ് ഉത്തര്‍പ്രദേശില്‍ നടന്നതെന്ന് ഒരാഴ്ചയായി സംസ്ഥാനത്ത് അരങ്ങേറിയ ഭീകരവാഴ്ചയുടെ വിശദമായ റിപ്പോര്‍ട്ട് ന്യൂഡല്‍ഹി പ്രസ്‌ക്ലബില്‍ പുറത്തുവിട്ട് സംസാരിച്ച സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. യു.പി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളുമായി പോലിസ് രംഗത്തുള്ളത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെയും അവരുടെ കുടുംബത്തിനെതിരെയും എഫ്.ഐ.ആറുകള്‍ തയാറാക്കി നിശബ്ദരാക്കുകയാണ് പോലിസ്. സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മന്തറിന്റെ നേതൃത്വത്തില്‍ യു.പി സന്ദര്‍ശിച്ച് മടങ്ങിയെത്തിയ വസ്തുതാന്വേഷണ സംഘമാണ് യു.പിയിലെ ഞെട്ടിക്കുന്ന പോലിസ് ക്രൂരതകള്‍ പുറത്തുവിട്ടത്.

രണ്ടു ഡസനോളം പേര്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് പോലിസ് തന്നെ പുറത്തുവിട്ട കണക്കുകള്‍. യഥാര്‍ഥ മരണ സംഖ്യ ഇപ്പോഴും വ്യക്തമല്ല. ഇവരില്‍ മിക്കവര്‍ക്കും നെഞ്ചിലും മുഖത്തുമൊക്കെയാണ് വെടിയേറ്റത്. മൃതദേഹങ്ങള്‍ വീട്ടിലേക്കു കൊണ്ടുപോകാനോ ബന്ധുക്കള്‍ക്ക് പരിശോധിക്കാനോ പോലിസ് അവസരം നല്‍കിയിട്ടില്ല. സ്വന്തം ഗ്രാമങ്ങള്‍ക്കു പുറത്തുള്ള കബര്‍സ്ഥാനുകളിലാണ് അവരെ നിര്‍ബന്ധമായി അടക്കം ചെയ്യിച്ചത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കലാപത്തിന് നേതൃത്വം കൊടുത്തവരായും പൊതുമുതല്‍ നശിപ്പിച്ചവരായും ചിത്രീകരിക്കുകയാണ് പോലിസ്. അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയും ചെയ്യുന്നുണ്ട്. 3500 ലേറെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയ ചരിത്രമുള്ള യു.പി പോലിസ് അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നിയമരാഹിത്യത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്.

''രണ്ടുതരം പൗരന്‍മാര്‍ ഇപ്പോള്‍ രാജ്യത്തുണ്ട്. അതിലൊരു കൂട്ടര്‍ക്ക് പ്രതിഷേധിക്കാം. എന്തും ചോദിക്കാം. മറ്റെ കൂട്ടര്‍ക്ക് പാടില്ല. അതാണ് മീറത്തില്‍ കണ്ടത്. അവരോടൊപ്പം പോലിസും ഭരണകൂടവും ഉണ്ടാവില്ല. വിദേശികളെ പോലെയാണ് അവരെ എതിരിടുന്നത്. ''

പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്തുക മാത്രമല്ല ബി.ജെ.പി സര്‍ക്കാറിനെതിരെ ആരും രംഗത്തിറങ്ങരുതെന്ന ജനാധിപത്യവിരുദ്ധമായ സന്ദേശമാണ് യു.പി പോലിസ് നല്‍കുന്നത്. ദേശീയ മനുഷ്യാവശകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനുമൊക്കെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്നും സംഘം ആവശ്യപ്പെട്ടു.

വെടിയേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ വിലക്ക്

വെടിയേറ്റ പരിക്കുമായെത്തുന്ന ആരെയും പ്രവേശിപ്പിക്കരുതെന്നും അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് തിരിച്ചയക്കണമെന്നുമാണ് സ്വകാര്യ ആശുപത്രികള്‍ക്കുള്ള നിര്‍ദേശം. പൊലീസ് നിയന്ത്രണത്തിലാക്കിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്ല. ബന്ധുക്കള്‍ക്ക് പ്രവേശനവുമില്ല. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിക്കുന്നു. പ്രകടനവും സമരവും യു.പിയില്‍ നടത്താതിരിക്കാനാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.