LiveTV

Live

National

മോദി-ഷാ പ്രഭാവം മങ്ങുന്നു? ജാർഖണ്ഡിൽ ഇരുവരും പ്രചരണം നടത്തിയ മിക്ക മണ്ഡലങ്ങളിലും ബി.ജെ.പി തോറ്റു

മോദി 'വസ്ത്രം നോക്കി തിരിച്ചറിയാം' എന്നു പ്രസംഗിച്ച ദുംകയില്‍ ബി.ജെ.പി തോറ്റു

മോദി-ഷാ പ്രഭാവം മങ്ങുന്നു? ജാർഖണ്ഡിൽ ഇരുവരും പ്രചരണം നടത്തിയ മിക്ക മണ്ഡലങ്ങളിലും ബി.ജെ.പി തോറ്റു

ജാർഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചരണം നടത്തിയ മിക്ക മണ്ഡലങ്ങളിലും ബി.ജെ.പി തോറ്റു. ഇരുവരും ചേർന്ന് 21 മണ്ഡലങ്ങളിൽ പ്രചരണറാലികളിൽ പങ്കെടുത്തപ്പോൾ ആറിടങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചരണം നടത്തിയ 11 മണ്ഡലങ്ങളിൽ എട്ടിടങ്ങളിലും ബി.ജെ.പിക്ക് തോൽവിയാണുണ്ടായത്.

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതിനും ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതിവിധിക്കും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനും ശേഷം ബി.ജെ.പി നേരിട്ട ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ജാർഖണ്ഡിലേത്. മുഖ്യമന്ത്രി രഘുബർദാസിനെതിരെ ജനവികാരമുണ്ടായിരുന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ പ്രചരണവും വൈകാരിക വിഷയങ്ങളിലെ അനുകൂല സാഹചര്യവും അത് മറികടക്കാൻ സഹായിക്കുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, പ്രതീക്ഷക്കു വിഭിന്നമായി അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ പോലും ബി.ജെ.പിക്ക് കഴിഞ്ഞില്ല.

ജാർഖണ്ഡിൽ പത്ത് മണ്ഡലങ്ങളിലാണ് നരേന്ദ്ര മോദി പ്രചാരണ യോഗങ്ങളിൽ പ്രസംഗിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ 'വസ്ത്രം നോക്കി തിരിച്ചറിയാം' എന്ന കുപ്രസിദ്ധമായ പ്രസ്താവന ജാർഖണ്ഡിലെ റാലിയിൽ വെച്ചായിരുന്നു. ഇതിൽ ധൻബാദ്, ദൽത്തോൻ ഗഞ്ച്, ഖുന്തി, ദേവ് ഗർ എന്നിവിടങ്ങളിൽ മാത്രമേ ബി.ജെ.പിക്ക് വിജയം നേടാൻ കഴിഞ്ഞുള്ളൂ. മോദി വിവാദ പ്രസ്താവന നടത്തിയ ദുംകയിൽ കോൺഗ്രസ് - ജെ.എം.എം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹേമന്ത് സോറൻ ബി.ജെ.പിയുടെ ലോയ്‌സ് മറാൻഡിയെ 13,000-ൽപ്പരം വോട്ടുകൾക്കാണ് മലർത്തിയടിച്ചത്.

അമിത് ഷാ പതിനൊന്ന് മണ്ഡലങ്ങളിൽ പ്രചരണം നടത്തിയെങ്കിലും ജയം വെറും രണ്ട് സീറ്റിലൊതുങ്ങി. യോഗി ആദിത്യനാഥിന്റെ റാലികൾക്കും സമാനമായ ഫലമാണുണ്ടായത്.

അതേസമയം, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജാർഖണ്ഡിൽ ആറ് മണ്ഡലങ്ങളിൽ മാത്രമാണ് പ്രചരണം നടത്തിയത്. ഇതിൽ നാലിലും കോൺഗ്രസ് തോൽക്കുകയാണുണ്ടായത്.