ആന്ധ്രാപ്രദേശിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് ജഗൻമോഹൻ റെഡ്ഡി
അമിത് ഷായുടെ സ്വപ്ന ബില്ലിന് പാര്‍ലമെന്റില്‍ പിന്തുണ നല്കിയ ശേഷം നിയമം നടപ്പാക്കില്ലെന്ന് നിലപാടെടുക്കുന്ന മൂന്നാമത്തെ പാര്‍ട്ടിയാണ് വൈ.എസ്.ആര് കോണ്‍ഗ്രസ്

ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും. എൻ.ആർ.സി നടപ്പാക്കില്ലെന്ന ഉപമുഖ്യമന്ത്രി അംസത്ത് ബാഷ ഷെയ്ഖ് ബിപാരിയുടെ പ്രഖ്യാപനം തന്റെ അറിവോടെയായിരുന്നുവെന്നും ഒരു കാരണവശാലും സംസ്ഥാനത്ത് എൻ.ആർ.സി നടപ്പാക്കില്ലെന്നും ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. ജഗന്റെ വൈ.എസ്.ആർ കോൺഗ്രസ് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് പാർലമെന്റിൽ വോട്ട് ചെയ്തിരുന്നത്.
തെലുഗു സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും എൻ.ആർ.സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രസ്താവന. പൗരത്വ വിഷയത്തിൽ ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടിൽ നിന്ന് ജഗൻമോഹൻ പിന്മാറണമെന്ന് ആൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദിൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി ഈയിടെ ആവശ്യപ്പെട്ടിരുന്നു.
'സംസ്ഥാന സർക്കാർ എൻ.ആർ.സിക്ക് പിന്തുണ നൽകില്ലെന്ന് ന്യൂനപക്ഷ നേതാവായ നമ്മുടെ ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആ പ്രസ്താവന നടത്തുന്നതിനു മുമ്പ് അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു. ആ തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കും. എൻ.ആർ.സിയെ നമ്മൾ എതിർക്കുകയാണ്. ഒരു കാരണവശാലും നമ്മൾ അതിന് പിന്തുണ നൽകില്ല.'ജഗൻമോഹൻ റെഡ്ഡി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
ഇതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്വപ്നപദ്ധതിയായ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന് നിലപാടെടുക്കുന്ന പത്താമത്തെ സംസ്ഥാനമായി ആന്ധ്രാപ്രദേശ്. പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നേരത്തെ ഇതേനിലപാട് പ്രഖ്യാപിച്ചിരുന്നു.
ഇതിൽ ഒഡിഷ ഭരിക്കുന്ന ബിജു ജനതാദൾ (ബി.ജെ.ഡി), ബിഹാറിലെ ഐക്യ ജനതാദൾ (ജെ.ഡി.യു), വൈ.എസ്.ആർ കോൺഗ്രസ് എന്നിവർ പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ അനുകൂലിച്ചിരുന്നു. ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത പഞ്ചാബിലെ ശിരോമണി അകാലിദൾ പിന്നീട് നിയമത്തിൽ മുസ്ലിംകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.